ന്യൂഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ സ്‌പെയിനിനെയും മറികടന്ന് ഇന്ത്യ. 2,43,733 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. സ്‌പെയിനില്‍ 2,40,978 പേര്‍ക്കും. ഇതോടെ ഏറ്റവുമധികം കൊവിഡ് രോഗികളുള്ള അഞ്ചാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

ജോണ്‍ ഹോപിങ്‌സ് യൂണിവേഴ്‌സിറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ശനിയാഴ്ച ഇറ്റലിയെ മറികടന്നിരുന്നു. 9,887 പേര്‍ക്കാണ് ഇന്ത്യയില്‍ ഒറ്റ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം അടുപ്പിച്ച മൂന്നാം ദിവസവും 9,000 കടന്നു.

അതേസമയം, ഇതിന് വിരുദ്ധമായി വൈറസിന്റെ വ്യാപന നിരക്ക് രാജ്യത്ത് കുറയുന്നുമുണ്ട്.കഴിഞ്ഞ മൂന്ന് ദിവസം 9000ത്തിനും പതിനായിരത്തിനും ഇടയില്‍ കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്നിട്ടും രാജ്യത്തെ വ്യാപന നിരക്ക് അരശതമാനമായി കുറഞ്ഞു.

ലോകത്താകമാനം 6,700,000 ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 394,875 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2,746,192 പേര്‍ ഇതിനോടകം രോഗമുക്തി നേടി.