കൊച്ചി: ലോക്ക്ഡൗണില്‍ ഇളവ് ലഭിച്ചാലുടന്‍ പേട്ടയിലേക്ക് സര്‍വീസ് നടത്താനൊരുങ്ങി കൊച്ചി മെട്രോ. നിലവില്‍ നടന്നുവരുന്ന റെയില്‍ സേഫ്ടി കമ്മീഷണറുടെ പരിശോധനകള്‍ക്കു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ അന്തിമ അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ.
ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിലവില്‍ മെട്രോ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. തൈക്കൂടത്ത്നിന്ന് പേട്ടയിലേക്കുള്ള യാത്രയ്ക്കു മുന്നോടിയായിട്ടുള്ള പരിശോധനകളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ദിവസങ്ങള്‍ക്കുമുമ്ബ് ആരംഭിച്ച പരിശോധന ഇന്ന് അവസാനിച്ചേക്കും. യാത്രാ സര്‍വീസിന് മുന്നോടിയായിട്ടുള്ള പരീക്ഷണ ഓട്ടം ഈ പാതയില്‍ നേരത്തേ നടത്തിയിരുന്നു. മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യവാരമോ പേട്ട റൂട്ടിന്റെ ഉദ്ഘാടനം നടത്താനായിരുന്നു മെട്രോ അധികൃതര്‍ നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും കോവിഡ് 19 ലോക്ഡൗണിനെത്തുടര്‍ന്ന് നീളുകയായിരുന്നു.
പേട്ടയിലേക്കുള്ള മെട്രോ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ മെട്രോയുടെ ആദ്യഘട്ടം പൂര്‍ണമാകും. ആലുവ മുതല്‍ തൈക്കൂടം വരെ 23.65 കിലോമീറ്ററിലാണ് ഇപ്പോള്‍ മെട്രോ സര്‍വീസുള്ളത്. തൈക്കൂടത്തുനിന്നും ഒന്നേകാല്‍ കിലോമീറ്റര്‍ ദൂരമാണ് പേട്ടയിലേക്കുള്ളത്. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 22 ആകും.
2017 ജൂണ്‍ 17ന് ആലുവയില്‍നിന്ന് പാലാരിവട്ടത്തേക്കായിരുന്നു മെട്രോയുടെ ആദ്യ സര്‍വീസ്. തുടര്‍ന്ന് മഹാരാജാസിലേക്കും അവിടെനിന്ന് തൈക്കൂടത്തേക്കും മെട്രോ ഓടിയെത്തി.