തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ നാല്‍പ്പത്തിയഞ്ചോളം അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. കോടതി ജീവനക്കാരനുമായുള്ള പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ജീവനക്കാരന്‍ നിര്‍മ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ജാമ്യഹരജിയുമായി ബന്ധപ്പെട്ട തിയ്യതി അറിയാനായി ഒരു അഭിഭാഷകന്‍ നിര്‍മ്മലാനന്ദനെ സമീപിച്ചു. താന്‍ തിരക്കിലാണെന്നും രജിസ്റ്ററില്‍ നിന്ന് തിയ്യതി കണ്ടുപിടിക്കാനും അയാള്‍ ആവശ്യപ്പെട്ടു. അഭിഭാഷകന് അത് ഇഷ്ടപ്പെട്ടില്ല. അയാള്‍ വേറെ അഭിഷാഷകരെ വിളിച്ച് ചേര്‍ത്ത് ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു.
നിര്‍മ്മലാന്ദന് കൈയ്ക്ക് പരിക്കുണ്ട്. തിരുവന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി.
അഭിഭാഷകര്‍ക്കെതിരെ കോടതി ജീവനക്കാര്‍ സിജെഎമ്മിന് പരാതി നല്‍കി. 24 മണിക്കൂറിനകം കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ സിജെഎം വഞ്ചിയൂര്‍ സിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഒരു പരാതി ജില്ലാ ജഡ്ജിയ്ക്കും നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ ക്രിമിനല്‍ കോടതികളിലെ ജീവനക്കാര്‍ കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യാന്‍ തീരുമാനിച്ചു. വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ നിര്‍മ്മലാനന്ദന്‍ കുറച്ചു ദിവസം മുന്‍പാണ് കേസില്‍ കോടതിയില്‍ മൊഴി നല്‍കിയത്.