കോട്ടയം: നിയന്ത്രിത മേഖല ആയതോടെ അടച്ചിട്ട കോട്ടയം മാര്‍ക്കറ്റ് നാളെ തുറക്കും. കോട്ടയം മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ആദ്യ ഘട്ടത്തില്‍ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ മാത്രമായിരിക്കും തുറക്കുക. കോട്ടയം തഹസില്‍ദാര്‍ക്കാണ് മേല്‍നോട്ട ചുമതല.

കര്‍ശന നിയന്ത്രണങ്ങളോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മാര്‍ക്കറ്റിനുള്ളിലെ ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കഴിഞ്ഞ 23ന് മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചിട്ടത്. ലോക്ക്ഡൗണ്‍ സമയത്തും ഏറ്റവും സജീവമായിരുന്ന വ്യാപര കേന്ദ്രമായിരുന്നു കോട്ടയം നഗരത്തില്‍ തന്നെയുള്ള മാര്‍ക്കറ്റ്. ചെറുകിട, മൊത്ത വ്യാപാര വിഭാഗങ്ങളിലായി 250 കടകളാണ് കോട്ടയം മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നത്.

ഇവിടെ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 10 ദിവസം മുന്‍പാണ് മാര്‍ക്കറ്റ് പൂര്‍ണമായും അടച്ചത്. പെട്ടെന്ന് മാര്‍ക്കറ്റ് അടച്ചു പൂട്ടിയതോടെ ലക്ഷണക്കിന് രൂപയുടെ പഴവും പച്ചക്കറിയുമാണ് നശിച്ചത്. മാര്‍ക്കറ്റിനുള്ളില്‍ മറ്റാര്‍ക്കും കോവിഡ് പിടിപെട്ടിട്ടില്ലെന്ന് പരിശോധനയില്‍ ബോധ്യമായതോടെയാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മാര്‍ക്കറ്റ് തുറക്കുക. വില്‍പ്പനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും മാസ്ക് നിര്‍ബന്ധമാക്കി. മാര്‍ക്കറ്റിനുള്ളില്‍ ലോഡിറക്കാന്‍ പുലര്‍ച്ചെ നാല് മുതല്‍ ഒന്‍പത് വരെ മാത്രമാണ് അനുമതി.

ലോഡുമായി വരുന്ന ലോറി ജീവനക്കാര്‍ക്ക് തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍ക്ക് ശേഷം മാത്രമായിരിക്കും മാര്‍ക്കറ്റിലേക്ക് പ്രവേശനം. ടോക്കണ്‍ സംവിധാനവും ഏര്‍പ്പെടുത്തും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ ശുചീകരണം നടത്തണം.11 മുതല്‍ അഞ്ച് മണി വരെയാണ് കച്ചവടം നടത്താന്‍ അനുമതി. സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ മേല്‍വിലാസവും ഫോണ്‍ നമ്ബരും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കടയുടമകള്‍ എഴുതി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.