കോട്ടയം : കോട്ടയത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ കൊല്ലപ്പെട്ട സംഭവം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൃത്യത്തില്‍ ഒന്നിലധികം പേരുണ്ടെന്നാണ് സംശയം, പ്രതികള്‍ വീട്ടുകാരെ അടുത്തറിയാവുന്നവരാകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. അതേസമയം, വീട്ടമ്മയുടെ മരണത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. താഴത്തങ്ങാടി കൊലപാതകത്തില്‍ വീട്ടമ്മയുടെ മരണകാരണം തലയ്‌ക്കേറ്റ പ്രഹരമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. തലയിലും മുഖത്തും സാരമായ മുറിവുകളുണ്ട്. ഷോക്കേറ്റതായി സൂചനകളില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തിനു ശേഷം പ്രതി കാറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.
കൊലപാതകത്തിന് ശേഷം രാവിലെ പത്തോടെ മോഷ്ടിക്കപ്പെട്ട കാര്‍ പുറത്തുപോകുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്. കുമരകം ഭാഗത്തേക്കാണ് കാര്‍ പിന്നീട് സഞ്ചരിച്ചത്. കാറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഈ കാര്‍ കണ്ടെത്താന്‍ അയല്‍ ജില്ലകളില്‍ ഉള്‍പ്പെടെ പരിശോധന തുടരുന്നു. ഡിഐജി കാളിരാജ് മഹേഷ് കുമാര്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ സ്ഥലത്തെത്തി.