ന്യൂഡല്‍ഹി: വെള്ളിയാഴ്​ച നടക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ മെഗാ യോഗത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍, സമാജ്​വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബഹുജന്‍ സമാജ്​ പാര്‍ട്ടി അധ്യക്ഷ മായാവതി എന്നിവര്‍ പ​ങ്കെടുക്കില്ല. കോവിഡ് പ്രതിസന്ധിയും അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാനായി ​കോണ്‍ഗ്രസാണ്​ മെഗാ യോഗത്തിനായി 18 പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്​ കത്തയച്ചത്​.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ, ഝാര്‍ഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറന്‍, ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്​റ്റാലിന്‍, എന്‍.സി.പി അധ്യക്ഷന്‍ ശരത്​ പവാര്‍, ഇടത്​ പാര്‍ട്ടികള്‍, യു.പി.എ ഘടകകക്ഷികള്‍ എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുക്കുമെന്നാണ്​ സൂചന.

യോഗത്തില്‍ പ​ങ്കെടുക്കില്ലെന്ന്​ വ്യക്​തമായ മൂന്ന്​ പാര്‍ട്ടികളും നിലവില്‍ കോണ്‍ഗ്രസുമായി അത്ര സ്വരച്ചേര്‍ച്ചയിലല്ല. വൈകീട്ട്​ മൂന്ന്​ മണിക്ക്​ വിഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന യോഗത്തിന്​ എ.ഐ.സി.സി ഇടക്കാല പ്രസിഡന്‍റ്​ സോണിയ ഗാന്ധി അധ്യക്ഷത വഹിക്കും​.

മമതാ ബാനര്‍ജിയും ഇടത്​ നേതാക്കളും ക്ഷണം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്​. 35 വര്‍ഷത്തോളം ബി.ജെ.പി ഘടകകക്ഷിയായിരുന്ന ശിവസേന ആദ്യമായാണ്​ ഐക്യപ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പ​ങ്കെടുക്കാന്‍ പോകുന്നത്​. ലോക്​ഡൗണ്‍ പ്രതിസന്ധികള്‍ക്കൊപ്പം മഹാമാരിയെ ഫലപ്രദമായി നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്‍െറ വീഴ്​ചകളും ബി.ജെ.പിയോ സഖ്യകക്ഷികളോ ഭരിക്കാത്ത സംസ്​ഥാനങ്ങള്‍ക്ക്​ സാമ്ബത്തിക സഹായം കുറക്കുകയും ചെയ്യുന്ന കേന്ദ്ര നിലപാട്​ എന്നിവയടക്കം ചര്‍ച്ചയാകും.