ഇന്ന് രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോഴിക്കോട് കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായി. 5602 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 5567 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 16 പേരെയാണ് അഡ്മിറ്റ് ചെയ്തത്.

മെയ് ഏഴിന് ദുബായില്‍ നിന്ന് വന്ന നാദാപുരം പാറക്കടവ് സ്വദേശിക്കും 13 ന് കുവൈത്തില്‍ നിന്ന് വന്ന ഓര്‍ക്കാട്ടേരി സ്വദേശിനിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആദ്യത്തെയാള്‍ എന്‍ഐടി ഹോസ്റ്റലിലെയും രണ്ടാമത്തെ വ്യക്തി ഓമശ്ശേരി നഴ്സിംഗ് ഹോസ്റ്റലിലെയും കൊവിഡ് പരിചരണ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലായിരുന്നു. ആദ്യത്തെയാളെ 16 നും രണ്ടാമത്തെ വ്യക്തിയെ 15 നും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെയും നില തൃപ്തികരമാണ്.

സംസ്ഥാനത്ത് ഇന്ന് 14 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇതില്‍ 7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്.