ആലപ്പുഴ: കോവിഡ് 19 വൈറസ് പ്രദേശത്തും റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ പ്രളയ സാധ്യതയുെണ്ടന്ന പ്രവചനങ്ങളും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. 2018ലെ മഹാപ്രളയത്തിന്റെ കെടുതികളില്‍നിന്ന് കുട്ടനാട് ഇനിയും പൂര്‍ണമായും മോചിതരായിട്ടില്ല. ഒരാഴ്ചയ്ക്കുള്ളില്‍ കാലവര്‍ഷം ആരംഭിക്കാനിരിക്കെ ഭരണസംവിധാനങ്ങള്‍ കോവിഡ് പ്രവര്‍ത്തനങ്ങളിലായതിനാല്‍ പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയിട്ടില്ല.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പ്രളയമുണ്ടായാല്‍ പലായനത്തിനു സാധ്യത കുറവാണെന്നതാണ് ആശങ്കയിരട്ടിപ്പിക്കുന്നത്. പ്രളയം രൂക്ഷമായാല്‍ പോലും നാട്ടില്‍ തന്നെ തങ്ങാന്‍ കുട്ടനാട്ടുകാര്‍ നിര്‍ബന്ധിതരായേക്കും. ഈ സാഹചര്യത്തില്‍ അതിജീവനത്തിനുള്ള മാര്‍ഗങ്ങള്‍ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ട്.
മുന്‍കാലങ്ങളിലെപ്പോലെ ആളുകളെ കൂട്ടമായി പാര്‍പ്പിക്കാന്‍ സാധിക്കില്ല. ജലനിരപ്പു അമിതമായി ഉയര്‍ന്നാല്‍ ടോയ്ലറ്റ് സംവിധാനങ്ങള്‍ തകരാറിലാകുമെന്നതും കുട്ടനാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തി നിരവധിപേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
മഹാപ്രളയകാലത്ത് ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ വൈദ്യുതി, മൊബൈല്‍ ഫോണ്‍ സംവിധാനങ്ങള്‍ നിശ്ചലമായത് ആശയവിനിമയത്തിനുള്ള വഴികള്‍ അടച്ചിരുന്നു. ഇതിനും അടിയന്തര പരിഹാരം കാണേണ്ടിയിരിക്കുന്നു. പ്രളയമുണ്ടായാല്‍ റോഡുകള്‍ പൂര്‍ണമായും അടയുന്നതോടെ ജലമാര്‍ഗം മാത്രമേ കുട്ടനാട്ടുകാര്‍ക്ക് പുറംലോകത്തേക്കെത്താനാകൂ.
എന്നാല്‍, ഉയരം കുറഞ്ഞ പാലങ്ങളും മറ്റും ഇതിനുള്ള സാധ്യതകളും അടയ്ക്കുന്നു. യാത്രാമാര്‍ഗങ്ങള്‍ നിലയ്ക്കുന്നതോടെ ചികിത്സാമാര്‍ഗങ്ങള്‍ അടയുമെന്നതാണ് ഗൗരവകരമായ മറ്റൊരു കാര്യം. പ്രളയത്തെ അതിജീവിക്കുന്ന തരത്തില്‍ ഹെലിപ്പാഡോടു കൂടിയ ആശുപത്രി കെട്ടിടമെന്ന ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം നടപ്പായില്ല.