റിയോ ഡി ജനീറോ: ബ്രസീലില്‍ കോവിഡ്​ 19 കേസുകള്‍ ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ സാവോ പോളോയിലെ ആരോഗ്യ മേഖല തകര്‍ച്ചയുടെ വക്കില്‍. നഗരത്തി​​െന്‍റ മേയറാണ്​ ഇതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ചത്​.​ സാവോ പോളോയിലെ ആശുപത്രികളെല്ലാം 90 ശതമാനം നിറഞ്ഞതായും രണ്ടാഴ്ചക്കുള്ളില്‍ നഗരത്തിലെ എല്ലാ ആശുപത്രികളും നിറഞ്ഞ് കവിയുമെന്നും മേയര്‍ ബ്രൂണോ കോവസ് പറഞ്ഞു​.

രോഗികളെ കിടത്താന്‍ കിടക്കകളോ, ചികിത്സിക്കാനുള്ള മറ്റ്​ സൗകര്യങ്ങളോ ഇല്ലെന്നും വരും ദിവസങ്ങളില്‍ അത്​ കൂടുതല്‍ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ അലംഭാവം കാട്ടുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ വച്ചാണ് കളിക്കുന്നതെന്നും ബ്രൂണോ ചൂണ്ടിക്കാട്ടി.

നഗരത്തിലെ ജനങ്ങളോട്​ വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട മേയര്‍ ലോക്​ഡൗണ്‍ ഏര്‍പ്പെടുത്താന്‍ വേണ്ടി സാവോ പോളോ ഗവര്‍ണറുമായി ചര്‍ച്ചയിലാണെന്നും അറിയിച്ചു. രണ്ട്​ മാസം മുമ്ബ്​ നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങള്‍ അതെല്ലാം കാറ്റില്‍ പറത്തി പതിവുപോലെ പുറത്തിറങ്ങുകയും മാസ്​ക്​ പോലും ധരിക്കാതിരിക്കുകയും ചെയ്​തിരുന്നതായി ബി.ബി.സി റിപ്പോര്‍ട്ട്​ ചെയ്​തു. ബ്രസിലീലിലെ കൊവിഡ് ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ സാവോ പോളോയില്‍ 3,000 ത്തോളം പേര്‍ ഇതേവരെ മരിച്ചിട്ടുണ്ട്​.

കോവിഡ്​ കേസുകളില്‍ സ്​പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളെ ബ്രസീല്‍ ശനിയാഴ്​ച്ച മറികടന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 2,972 കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടതോടെ ആകെ രോഗികളുടെ എണ്ണം 244,052 ആയി ഉയര്‍ന്നു. 83 പേര്‍ക്ക്​​ ഇന്ന്​ രാജ്യത്ത്​ വൈറസ്​ മൂലം ജീവന്‍ നഷ്​ടപ്പെട്ടതോടെ ആകെ മരണം 16,201 ആയി.