അബുദാബി; കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഷോപ്പിങ് മാളുകളിലും ഗ്രോസറികളിലും ഫാര്‍മസികളിലും തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കാന്‍ അബുദാബി സാമ്ബത്തിക വികസന വകുപ്പ് നിര്‍ദേശം നല്‍കി. പ്രവേശന കവാടത്തിലാണു തെര്‍മല്‍ സ്കാനര്‍ സ്ഥാപിക്കേണ്ടത്. നിയന്ത്രണത്തില്‍ ഇളവു നല്‍കി കൂടുതല്‍ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു മുന്നോടിയായാണ് ആരോഗ്യസുരക്ഷാ നടപടികള്‍ ശക്തമാക്കിയത്.

തെര്‍മല്‍ സ്കാനര്‍ സ്വന്തമായി വാങ്ങേണ്ടതില്ലെന്നും ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി വാടകയ്ക്ക് നല്‍കുമെന്നും അറിയിച്ചു. സന്ദര്‍ശകരുടെ ശരീരോഷ്മാവ് പരിശോധിച്ചായിരിക്കും പ്രവേശനം നല്‍കുക. പരിശോധനയില്‍ രോഗ ലക്ഷണങ്ങളുള്ളവരുടെ വിവരങ്ങള്‍ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റിക്കു കൈമാറും. തിരക്കു നിയന്ത്രിക്കാനായി സന്ദര്‍ശന സമയം 2 മണിക്കൂറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി മാളിന്റെയും അതത് സ്ഥാപനത്തിന്റെയും ശേഷിയുടെ 30 ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവു എന്ന് അതോറിറ്റി അണ്ടര്‍ സെക്രട്ടറി റാഷിദ് അബ്ദുല്‍കരീം പറഞ്ഞു.