- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹ്യൂസ്റ്റണ്‍: അമേരിക്കയില്‍ കോവിഡ് മരണം 90,100 കവിഞ്ഞു. രോഗബാധിതര്‍ 15 ലക്ഷം കടന്നു. ഇതില്‍ 339,232 പേര്‍ക്ക് രോഗം ഭേദമായിയെന്നാണ് കണക്കുകള്‍. പക്ഷേ, കോവിഡ് കണക്കുകള്‍ ടാലി ആവുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. കഴിഞ്ഞ പതിനഞ്ചു ദിവസമായി ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ പോലും ഡേറ്റാബാങ്കിനു കഴിയുന്നില്ല. എന്നാല്‍, രാജ്യത്തെ ടാസ്‌ക്ക് ഫോഴ്‌സ് നിര്‍ജീവമായതാണെന്ന് ഇതിനു പിന്നിലെന്നാണ് പരസ്യമായ രഹസ്യം. ഇക്കാര്യം ഇന്നലെ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ നടത്തിയ വെര്‍ച്വല്‍ പ്രസംഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. കോവിഡിനെ കൂടെ നിര്‍ത്തുകയാണ് അമേരിക്ക ചെയ്യുന്നതെന്നും, ഇത്തരമൊരു പകര്‍ച്ചവ്യാധിയെ പിടിച്ചുകെട്ടാന്‍ ഇപ്പോഴും രാജ്യത്തിനു കഴിയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. കോവിഡ് കൊലയ്ക്ക് കൊടുക്കുന്നവരുടെ എണ്ണം ജൂണ്‍ ആദ്യത്തോടെ ഒരു ലക്ഷം കടക്കുമെന്നാണ് ആരോഗ്യവകുപ്പിനെ ഉന്നതരുടെ നിരീക്ഷണമെങ്കിലും ഇപ്പോഴത്തെ പോക്ക് നോക്കിയാല്‍ അതിനു മുന്‍പേ തന്നെ ഇത് മറികടക്കുമെന്നാണ് സാമാന്യനിരീക്ഷകര്‍ കരുതുന്നത്. മൂന്നാഴ്ച മുന്‍പേ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കിടക്കുന്നത് പതിനാറായിരത്തോളം പേരാണ്. ഇവര്‍ക്ക് എന്തു സംഭവിച്ചുവെന്നതും വ്യക്തമല്ല. ന്യൂയോര്‍ക്ക് സംസ്ഥാനത്തു നിന്നുള്ള കണക്കുകള്‍ കൃത്യമായി ലഭിക്കുമ്പോഴും ന്യൂജേഴ്‌സി സംസ്ഥാനമാണ് കമ്പ്യൂട്ടിങ് സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് ഡേറ്റകള്‍ നല്‍കാതിരിക്കുന്നതെന്ന് ഹോപ്കിന്‍സ് സര്‍വകലാശാല ഡേറ്റ കളക്ഷന്‍ സെന്റര്‍ അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍, രാജ്യത്ത് സ്ഥിരീകരിച്ച പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം അടുത്ത ദിവസങ്ങളില്‍ ക്രമാനുഗതമായി കുറഞ്ഞുവെന്നാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് വീണ്ടും വ്യാപനസൂചനകളാണ് പ്രകടിപ്പിക്കുന്നത്. നിയന്ത്രണങ്ങള്‍ ഇളവു വരുത്തിയതിന്റെ ഫലമറിയാന്‍ അടുത്ത പത്തു ദിവസങ്ങള്‍ കൂടി വേണ്ടി വരും. അങ്ങനെയെങ്കില്‍, ഇപ്പോഴത്തെ ഭീമമായ കണക്കുകള്‍ സൂചിപ്പിക്കുന്നത് വൈറസിന്റെ ശക്തി കുറഞ്ഞില്ലെന്നു തന്നെയാണ്. റെംഡെസിവിര്‍ മരുന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് ശുപാര്‍ശ ചെയ്യുന്നത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശുപാര്‍ശ ചെയ്യുന്ന ഹൈട്രോക്‌സി ക്ലോറോക്വിന്‍ ഇപ്പോള്‍ കോവിഡ് ചികിത്സയക്കായി മിക്കയിടത്തും ഉപയോഗിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
ഏപ്രില്‍ തുടക്കത്തില്‍ ഓരോ ദിവസവും നൂറുകണക്കിന് പുതിയ കേസുകള്‍ തിരിച്ചറിഞ്ഞ ന്യൂ ഓര്‍ലിയാന്‍സില്‍, കഴിഞ്ഞ മൂന്നാഴ്ചയ്ക്കുള്ളില്‍ 50 ല്‍ താഴെ കേസുകള്‍ മാത്രമാണ് ദിവസേന പ്രഖ്യാപിക്കപ്പെട്ടത്. കോവിഡ് വളര്‍ച്ച മാര്‍ച്ച് അവസാനത്തോടെ ആരംഭിച്ച ഡെട്രോയിറ്റ് പ്രദേശത്ത്, എണ്ണം കുത്തനെ ഇടിഞ്ഞു. ഇന്‍ഡ്യാനയിലെ കാസ് കൗണ്ടിയില്‍, ഇറച്ചി പായ്ക്കിംഗ് മേഖലയിലുണ്ടായ വ്യാപനം കുറഞ്ഞത് 900 പേരെ രോഗബാധിതരാക്കിയെങ്കിലും കഴിഞ്ഞ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പല വലിയ നഗരങ്ങളിലും അവരുടെ കേസുകള്‍ കുറയുന്നുണ്ടെങ്കിലും, ഗ്രാമീണ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോവിഡിനെ നിയന്ത്രണവിധേയമാക്കാന്‍ പോരാടുന്ന ചില കമ്മ്യൂണിറ്റികള്‍ ഒടുവില്‍ വിജയിച്ചതായി തോന്നുന്നു, പക്ഷേ ഇത് എത്രത്തോളം നിലനില്‍ക്കുമെന്ന് അറിയില്ല.
സ്മിത്ത്ഫീല്‍ഡ് പോര്‍ക്ക് സംസ്‌കരണ പ്ലാന്റില്‍ ആയിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ച സിയോക്‌സ് ഫോള്‍സില്‍, കോവിഡ് വ്യാപനം മന്ദഗതിയിലാണെന്ന് മേയര്‍ പോള്‍ ടെന്‍ഹേക്കന്‍ പറഞ്ഞു. നാലായിരത്തിലധികം സ്മിത്ത്ഫീല്‍ഡ് ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധങ്ങളെയും അടുത്തിടെ പരീക്ഷിച്ചു. ന്യൂ ഓര്‍ലന്‍സില്‍ പുരോഗതി താല്‍ക്കാലികമാകുമെന്ന് മേയര്‍ ഭയപ്പെടുന്നു. തിങ്കളാഴ്ച, പ്ലാന്റ് വീണ്ടും തുറക്കുമ്പോള്‍ പോര്‍ക്കിനെ വെട്ടിനുറുക്കാന്‍ വീണ്ടും തുടങ്ങും. നൂറുകണക്കിന് ജീവനക്കാര്‍ ജോലിസ്ഥലത്ത് വീണ്ടും ഒന്നിക്കും. കോവിഡിനെ നിയന്ത്രിക്കാന്‍ സാമൂഹി അകലം പാലിക്കുമെങ്കിലും ഇതെത്രമാത്രം ഫലപ്രാപ്തി വരുത്തുമെന്നു കണ്ടറിയണം.
മാര്‍ച്ചില്‍ അമേരിക്കക്കാര്‍ അവരുടെ ജീവിതരീതിയിലും സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങി, ഇത് കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാന്‍ സഹായിച്ചിട്ടുണ്ട്. മാര്‍ച്ച് പകുതിയോടെ, പൊതു ഉദ്യോഗസ്ഥര്‍ സ്‌കൂളുകളും ചില ജോലിസ്ഥലങ്ങളും അടയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഏപ്രില്‍ അവസാനത്തില്‍, പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങള്‍ നീക്കുകയോ ലഘൂകരിക്കുകയോ ചെയ്തു. സെല്‍ഫോണ്‍ ഡാറ്റ വിശകലനം ചെയ്തപ്പോള്‍, രാജ്യത്തെ 43.8 ശതമാനം ആളുകള്‍ വീട്ടില്‍ താമസിച്ചുവെന്ന് കണ്ടെത്തി. എന്നാല്‍ കോവിഡിനെ വളരാന്‍ സഹായിച്ച നേഴ്‌സിംഗ് ഹോമുകള്‍, ജയിലുകള്‍, ഭക്ഷ്യ സംസ്‌കരണ പ്ലാന്റുകള്‍ എന്നിവയുടെ കാര്യത്തില്‍ ഇതുവരെയും രാജ്യം ഒരു തീരുമാനമെടുത്തിട്ടില്ല.
ന്യൂയോര്‍ക്കില്‍ കോവിഡ് തരംഗം കുറഞ്ഞിട്ടുണ്ട്. മസാച്യുസെറ്റ്‌സ്, റോഡ് ഐലന്‍ഡ് എന്നിവിടങ്ങളിലും കൊറോണ രോഗികളുടെ സംഖ്യ ഇടിഞ്ഞു. വെര്‍മോണ്ട്, ഹവായ്, അലാസ്‌ക എന്നിവയുള്‍പ്പെടെ ചില സംസ്ഥാനങ്ങള്‍ പുതിയ ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണ വൈറസിന്റെ 4,733,701 കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. കൊറോണ വൈറസ് മൂലം 313,399 പേര്‍ മരിച്ചു. ലോകത്തിലെ ഏറ്റവും കൂടുതല്‍ നാശനഷ്ടമുള്ള രാജ്യമാണ് അമേരിക്ക. ശനിയാഴ്ച 25,060 പുതിയ കൊറോണ വൈറസ് കേസുകളും 1,224 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 1,507,773 കൊറോണ വൈറസ് കേസുകള്‍. വൈറസ് മൂലം 90,113 പേര്‍ മരിച്ചു.
ബ്രസീല്‍ സ്‌പെയിനിനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ കോവിഡ് രാജ്യമായി മാറി. രാജ്യത്ത് 233,500 കേസുകളും 15,600 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയിലെ മറ്റിടങ്ങളില്‍ പെറുവും ചിലിയും വലിയ തോതിലാണ് കോവിഡ് രോഗികളുടെ വ്യാപനം സംഭവിക്കുന്നത്. ഇവിടെയെല്ലാം കൊറോണ പൊട്ടിപ്പുറപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.