ദില്ലി: കോവിഡ് വ്യാപന ആശങ്കയില്‍ ദില്ലിയും തമിഴ്നാടും. ഒറ്റ ദിവസം കൊണ്ട് ഇരുസംസ്ഥാനങ്ങളിലൂമായി ഏഴായിരത്തിനടുത്താണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദില്ലിയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 2889 പേര്‍ക്കും തമിഴ്നാട്ടില്‍ 3940 പേര്‍ക്കുമാണ് പോവിഡ് സ്ഥിരീകരിച്ചത്. ദില്ലിയില്‍ ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 83,077 ഉം തമിഴ്നാട്ടില്‍ ആകെ രോഗബാധിതര്‍ 82275 ആയി ഉയര്‍ന്നു.
അതേസമയം ദില്ലിയില്‍ പുതുതായി 65 പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 2623 ആയി ഉയര്‍ന്നു. തമിഴ്നാട്ടില്‍ 54 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1079 ആയി. ദില്ലിയില്‍ ഇതുവരെ 52,607 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ ചികിത്സയിലുള്ളവര്‍ 27,847 പേരാണ്.
അതേസമയം ചെന്നൈയില്‍ മാത്രം പുതിയ 1992 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ രോഗബാധിതര്‍ 53762 ആയി. കേരളത്തില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയ 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിന്ന് എത്തിയവരില്‍ രോഗബാധിതര്‍ 127 ആയി.
കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത് ഇന്നാണ്. 1267 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ അകെ രോഗികള്‍ 13190 ആയി. ബെംഗളുരുവില്‍ മാത്രം 783 പേര്‍ക്കാണ് ഇന്ന് രോഗബാധയുണ്ടായത്. ഇന്ന് മാത്രം 16 പേര് മരിച്ചു. ആകെ മരണസംഖ്യ 207 ആയി.