കോഴിക്കോട്: കോവിഡ് എന്ന മാഹാമാരി എളുപ്പം ഒഴിഞ്ഞുപോകില്ലെന്നും, തലയ്ക്ക് മുകളില്‍ ഭീഷണിയായി അതെപ്പോഴുമുണ്ടാകുമെന്നും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലെ ഡോ. വി.കെ ഷമീര്‍. കോവിഡ് മഹാമാരിയെ നാം ഇനിയെങ്ങനെ നേരിടണമെന്ന് വിശദീകരിക്കുകയാണ് അദ്ദേഹം.

ഇപ്പോള്‍ നടക്കുന്നത് ട്രെയിലര്‍ മാത്രമാണെന്നും യഥാര്‍ത്ഥ ഷോ കാണിനിരിക്കുന്നതേയുള്ളൂവെന്നും ഡോക്ടര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. കോവിഡിനെ എങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് ആലോചിക്കേണ്ടതെന്നും ഡോ.ഷമീര്‍ പറയുന്നു.

ഡോക്ടര്‍ ഷമീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

സൂര്യാസ്തമയ സമയം കോഴിക്കോട് മെഡിക്കല്‍ കോളേജിനുള്ളിലെ പാതകളിലൂടെ നടന്നിട്ടുണ്ടോ? ഇല്ലെങ്കില്‍ നടക്കണം. ഇരുവശത്തും നിറയെ വലിയ മരങ്ങളാണ്. മരങ്ങളില്‍ നിറയെ കാക്കകളും. നിങ്ങള്‍ നടക്കുമ്ബോള്‍ കാക്കകള്‍ കാഷ്ഠിച്ചു കൊണ്ടേയിരിക്കും. അത് തലയില്‍ വീഴാതെ അറ്റം പിടിക്കുന്നത് നിങ്ങളുടെ കഴിവാണ്. എത്ര ശ്രമിച്ചാലും ചില നിര്‍ഭാഗ്യവാന്‍മാരുടെ തലയില്‍ അതു വീഴുക തന്നെ ചെയ്യും. മരങ്ങളിലെ കാക്കകളെ ഒഴിവാക്കല്‍ അസാദ്ധ്യം. അതിനുവേണ്ടി മരങ്ങള്‍ നശിപ്പിക്കുന്നത് അതിനേക്കാള്‍ അസാദ്ധ്യം.

ഇതു പോലെയാണ് ഇനി കോവിഡ്. നമ്മുടെ തലക്കു മുകളില്‍ വീഴാന്‍ തയ്യാറായി ഇവിടെയൊക്കെത്തന്നെ കാണും.

കോവിഡിന്റെ ട്രെയിലര്‍ മാത്രമേ നമ്മള്‍ കണ്ടിട്ടുള്ളൂ യഥാര്‍ത്ഥ ഷോ ഇനി വരാനിരിക്കുന്നേയുള്ളൂ. ഇതു വരെ നാം ചെയ്തതെല്ലാം ശരി, പക്ഷേ ഇനി അങ്ങോട്ട് ഇത് മതിയോ. എങ്ങനെ നേരിടാനാണ് നാം ഉദ്ദേശിക്കുന്നത്? ഇന്ന് കോവിഡുകാര്‍ക്ക് ഡബിള്‍ റോള്‍ ആണ്. ആശുപത്രിക്കുള്ളില്‍ ഹീറോ, പുറത്ത് വില്ലന്‍!

കോവിഡ് ചികിത്സിക്കുന്ന ആശുപത്രികളിലെ എല്ലാ ഭൗതിക, മനുഷ്യവിഭവശേഷിയും അവര്‍ക്കു വേണ്ടി മാറ്റി വെച്ചിരിക്കുന്നു. മറ്റൊരു രോഗിക്കും കിട്ടാത്ത പരിഗണനയാണ് അവര്‍ക്ക് കിട്ടുന്നത്. അവസാനം ഡിസ്ചാര്‍ജ് ആകുമ്ബോള്‍ പത്രത്തില്‍ ഫോട്ടോയും!
എന്നാല്‍ നാട്ടിലോ, വെറുതെ വഴിയില്‍ നില്‍ക്കുന്ന ഒരാളെ കാണിച്ച്‌ ഇവന് കോവിഡാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവനെ ബാക്കി ഉള്ളവര്‍ തല്ലിക്കൊല്ലുന്ന അവസ്ഥയും. രോഗം സംശയിക്കപ്പെടുന്നവര്‍, അവരുടെ ബന്ധുക്കള്‍, അറിയാതെ അവരെ സഹായിക്കാന്‍ പോയവര്‍, അറിഞ്ഞുകൊണ്ട് അവരെ സഹായിച്ചവര്‍ (ആശുപത്രി ജീവനക്കാര്‍) ഇവരെല്ലാം പിന്നെ തൊട്ടുകൂടാത്ത, തീണ്ടിക്കൂടാത്ത വര്‍ഗ്ഗം. ‘കോവിഡി’നെ കൊണ്ടുപോകാന്‍ ആംബുലന്‍സ് വരാന്‍ വൈകുന്നതില്‍ വേവലാതിപ്പെടുന്നവന്‍ രോഗിയുടെ ജീവനെ കുറിച്ചോര്‍ത്തുള്ള ആശങ്കയല്ല, വൈറസുള്ള ശരീരത്തെ അയാളുടെ ‘ശുദ്ധമായ’ ശരീരത്തിനടുത്തു നിന്ന് എത്രയും പെട്ടെന്ന് മാറ്റാത്തതിലുള്ള അരിശമാണ് പ്രകടിപ്പിക്കുന്നത്.

എന്നാല്‍ ഇതൊന്നും വെച്ച്‌ നമുക്ക് മുന്‍പോട്ട് നീങ്ങാന്‍ കഴിയില്ല.

ആശുപത്രികളിലെ മുന്‍ഗണന എപ്പോഴും രോഗത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കണം. ആംബുലന്‍സിന്റെ ലഭ്യതയും. ഏറ്റവും ഗുരുതരമായ രോഗമുള്ളവന്‍ ആണ് ആശുപത്രിയില്‍ ഒന്നാമന്‍. നിലവില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ അഡ്മിറ്റാവുന്ന രോഗികളില്‍ ഭൂരിഭാഗത്തിനും ആശുപത്രിയേ ആവശ്യമില്ല. അവരില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. അതിന് അനുയോജ്യമായ സ്ഥലങ്ങളാണ് കണ്ടെത്തേണ്ടത്. രോഗം സംശയിക്കുന്നവര്‍ക്ക് ടോയ്‌ലെറ്റ് സൗകര്യമുഉള്ള ഒരു മുറി, സ്ഥിരീകരിച്ചവര്‍ക്കാണെങ്കില്‍ ഒന്നിച്ച്‌ ഒരു വാര്‍ഡോ ഡോര്‍മറ്റിറിയോ. ദിവസവും ഭക്ഷണവും ഫോണ്‍ വിളിക്കാനുള്ള സൗകര്യവും. അതിനോടു ചേര്‍ന്ന് ടെസ്റ്റ് ചെയ്തു നോക്കാനുള്ള സൗകര്യം കൂടി ആയാല്‍ 90 ശതമാനം കോവിഡും അങ്ങനെ ചികിത്സിക്കാം. വിദേശത്തു നിന്ന് തിരിച്ചു വരുന്നവര്‍?

കേരളത്തിന്റെ സാമ്ബത്തികസ്ഥിതി വെച്ച്‌, തിരിച്ചു വരുന്ന എല്ലാവരേയും രണ്ടാഴ്ച പ്രത്യേകം മുറികളില്‍ താമസിപ്പിച്ച ശേഷം വീട്ടിലേക്ക് വിടാന്‍ കഴിയുമെങ്കില്‍ ഏറ്റവും നല്ലത്. അത് കഴിയാത്ത പക്ഷം ഓരോ കുടുംബവും അത് ഏറ്റെടുക്കേണ്ടി വരും. ഒരോ കുടുംബവും ഒരു വീടോ വീടിന്റെ ഒരു നിലയോ ഇതിനു വേണ്ടി കാണണം.

ഉദാഹരണത്തിന് വെവ്വേറെ വീടുകളില്‍ താമസിക്കുന്ന ചേട്ടനനിയന്‍മാര്‍ ആണെങ്കില്‍ അവരുടെ അച്ഛനേയും അമ്മയേയും കുട്ടികളേയും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവരേയും ഒരു വീട്ടിലേക്ക് മാറ്റട്ടെ. ഒരു വീട് പൂര്‍ണ്ണമായി ഒഴിവാക്കി കൊടുത്ത്, അവിടെ തിരിച്ചു വരുന്ന ആളെ നിര്‍ത്താം.

ഒരു വീട് മാത്രമുള്ള കുടുംബമാണെങ്കില്‍ പ്രായമുള്ളവരേയും കുട്ടികളേയും മാറ്റി പാര്‍പ്പിക്കാന്‍ ബന്ധുക്കള്‍ ആരെങ്കിലും തയ്യാറാവണം. അതുമില്ലെങ്കില്‍ ഒരു നിലയെങ്കിലും ഒഴിഞ്ഞു കൊടുക്കാന്‍ കഴിയുമോ എന്ന് നോക്കാം. വെള്ളപ്പൊക്കക്കാലം നമ്മള്‍ ഇങ്ങനെയൊക്കെയല്ലേ അതിജീവിച്ചത്. ഇതിനൊന്നും സാധിക്കാത്തവരെ സര്‍ക്കാര്‍ പ്രത്യേകം കേന്ദ്രങ്ങളില്‍ നിര്‍ത്തേണ്ടി വരും. ഇങ്ങനെ താമസിക്കാനുള്ള സ്ഥലം കണ്ടുവെച്ച ശേഷം മാത്രമേ ഓരോരുത്തരും നാട്ടിലേക്ക് തിരിച്ച്‌ പുറപ്പെടാന്‍ പാടുള്ളൂ. ‘വിദേശം’ എന്നതില്‍ രോഗം വല്ലാതെ വ്യാപിച്ച തമിഴ്‌നാടും മഹാരാഷ്ട്രയുമൊക്കെ പെടും.

ഇനി വരാന്‍ പോകുന്നത് പനിക്കാലമാണ്. ചെറിയ പനിയോ ചുമയോ തൊണ്ടവേദനയോ തോന്നുകയാണെങ്കില്‍ അത് കോവിഡായിരിക്കാം. ആ ചിന്ത നിങ്ങളുടെ ഉറക്കം കെടുത്തേണ്ട. സാധാരണ ഒരു പനി വന്നാല്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ കോവിഡിനും വേണ്ടൂ. ഇനി അത് കോവിഡ് അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറസ് ആവും. രണ്ടായാലും മറ്റൊരാള്‍ക്ക് പകരാതെ നോക്കുക എന്നതിനാണ് പ്രാധാന്യം. വീടിനുള്ളില്‍ മാത്രം കഴിയുക. വീടിനുള്ളിലും മാസ്‌ക് ധരിക്കുക. ഹെല്‍പ് ലൈനില്‍ വിളിച്ചു നിര്‍ദ്ദേശിച്ച രീതിയില്‍ മാത്രം ആശുപത്രിയില്‍ പോവുക. ഏത് ജലദോഷപ്പനിയും ചികിത്സ തേടി കഴിഞ്ഞാല്‍
മാറാന്‍ ചുരുങ്ങിയത് മൂന്നോ നാലോ ദിവസം എടുക്കുമെന്ന് മനസ്സിലാക്കി അതുവരെ മരുന്ന് കഴിച്ച്‌ (കഴിച്ചില്ലെങ്കിലും കുഴപ്പമില്ല) വിശ്രമിക്കുക. അതേ പ്രശ്‌നത്തിന് ഡോക്ടര്‍മാരെ മാറി മാറി കാണാന്‍ ശ്രമിക്കരുത്. എന്തെങ്കിലും ആവശ്യം തോന്നുകയാണെങ്കില്‍ ആദ്യം ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിക്കാം.

പനിയുടെ കൂടെ എന്തൊക്കെ ലക്ഷണങ്ങളെ ഭയക്കണം?

*ശ്വാസം മുട്ട്

*നെഞ്ചിടിപ്പ്, നെഞ്ചുവേദന

*ബോധക്ഷയം, പെരുമാറ്റത്തിലെ വ്യത്യാസം

*ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം (മൂത്രത്തിലെ നിറം മാറ്റം അടക്കം)

*നില്‍ക്കാത്ത ഛര്‍ദ്ദി, വയറിളക്കം, വയറുവേദന

*സഹിക്കാന്‍ പറ്റാത്ത തലവേദന

*കുറയുന്ന മൂത്രത്തിന്റെ അളവ്

*എന്തെങ്കിലും കാരണം കൊണ്ട് വെള്ളം കുടിക്കാന്‍ പറ്റാത്ത അവസ്ഥ

*അകാരണമായ ക്ഷീണം

*കണ്ണിലോ തൊലിയിലോ മഞ്ഞ

*ശരീരത്തില്‍ നീര്

മേല്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ വൈകാതെ വൈദ്യസഹായം തേടണം.

പനി ഉളളവര്‍ ആശുപത്രിയില്‍ പോകുമ്ബോള്‍ പനി ചികിത്സിക്കുന്ന ആശുപത്രിയുടെ ഭാഗം നേരത്തെ ചോദിച്ചറിഞ്ഞ ശേഷം അവിടെ മാത്രം സന്ദര്‍ശിക്കാന്‍ ശ്രമിക്കണം.

ദീര്‍ഘ കാലമായി രോഗമുള്ളവര്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാലോ അല്ലെങ്കില്‍ എന്തെങ്കിലും പുതിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാലോ മാത്രമേ ചെറിയ ഇടവേളകളില്‍ ആശുപത്രിയില്‍ പോകേണ്ടതുള്ളൂ.

ഓരോ രോഗത്തിനും ഡോക്ടര്‍ നിര്‍ദേശക്കുന്ന ചികിത്സയും ടെസ്റ്റും സ്വീകരിക്കുക. ഡോക്ടറോട് ടെസ്റ്റും റഫറന്‍സും അങ്ങോട്ട് നിര്‍ദ്ദേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ‘ചെക്ക് അപ്പുകള്‍’ക്കൊന്നും നല്ല സമയം ഇതല്ലെന്ന് തിരിച്ചറിയണം. പഴയ പോലെ ഡോക്ടര്‍ ‘കുഴല്‍ വെച്ചു നോക്കിയില്ല’, ‘തൊട്ടു നോക്കിയില്ല’ എന്നൊന്നും പരിഭവം പറയരുത്. തൊണ്ണൂറു ശതമാനം രോഗവും നിങ്ങള്‍ പറഞ്ഞു കൊടുക്കുന്ന രോഗവര്‍ണ്ണനയില്‍ നിന്നും തീരുമാനമാകുന്നവയാണ്. പത്തു ശതമാനത്തിന് മാത്രമേ ദേഹ പരിശോധനയും രക്ത പരിശോധനയും വേണ്ടൂ. നിങ്ങളുടെ സംസാരം കേട്ട് രോഗം തീരുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ നിങ്ങളെ വിശദമായി പരിശോധിക്കും.

ജൂനിയര്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, അനുബന്ധ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്:

ചികിത്സിക്കുന്ന ഏതൊരു രോഗിയും കോവിഡ് പോസിറ്റീവ് ആവാം എന്ന തിരിച്ചറിവോടെ വേണം രോഗികളെ കാണാന്‍. പനി ചികിത്സിക്കുന്ന ഭാഗത്ത് അല്ലെങ്കിലും, കോവിഡിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇത് സംഭവിക്കാം. ലോകത്ത് പല ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നു കിട്ടിയത് ഒട്ടും സംശയിക്കാതിരുന്ന, ഒരു ലക്ഷണവും കാണിക്കാതിരുന്ന രോഗിയെ ചികിത്സിച്ചതില്‍ നിന്നായിരുന്നു എന്നത് മറന്നു കൂട. അതുകൊണ്ട് ഏത് രോഗിയില്‍ നിന്നും രോഗബാധ ഉണ്ടാകാം എന്ന ചിന്ത ഉണ്ടാകണം, അതിനു വേണ്ട കരുതല്‍ എടുക്കണം. സാര്‍വത്രികമായ മാസ്‌ക്, കണ്ണട തുടങ്ങിയവയുടെ ഉപയോഗം, മറ്റ് പ്രൊസീജിയറുകള്‍ ചെയ്യുമ്ബോള്‍ അതിനനുസൃതായുള്ള മറ്റു സംരക്ഷണ നടപടികളും സ്വീകരിക്കണം. കൈ കഴുകലില്‍ അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗത്തില്‍ ഒരു കുറവും വരാതെ നോക്കണം. പോക്കറ്റില്‍ എപ്പോഴും ഒരു ചെറിയ കുപ്പി ഹാന്‍ഡ് റബ് കിടന്നോട്ടെ. ബാഗില്‍ മാസ്‌കും. ജോലി കോവിഡിലാണെങ്കിലും അല്ലെങ്കിലും ആശുപത്രി വിട്ടാല്‍ കുളിച്ച്‌ വസ്ത്രം മാറാതെ വീട്ടിലേക്കോ സൂപ്പര്‍ മാര്‍ക്കറ്റ് പോലെയുള്ള മറ്റു സ്ഥലങ്ങളിലോ പോകരുത്. രോഗികളുടെ കട്ടിലില്‍ കുത്തിയിരുന്ന് കത്തിയടിക്കല്‍, ഒ.പി പരിശോധനയ്ക്കിടെ ടിഷ്യു പേപ്പറുകൊണ്ട് ട്രൗസറീടിച്ച്‌ പഴംപൊരി തിന്നല്‍, പേന കൊണ്ട് ചെവി ചൊറിയല്‍ തുടങ്ങിയവയൊക്കെ താല്‍ക്കാലികമായി നിര്‍ത്തി വെക്കേണ്ടി വരും. ഡോക്ടര്‍മാരാണെങ്കിലും മാസ്‌ക് മൂക്കും വായും മറക്കുന്ന രീതിയില്‍ തന്നെ അണിയേണ്ടി വരും (താടിയിലും കഴുത്തിലും മതിയാവില്ല). രോഗികള്‍ക്ക് ഫോണ്‍ നമ്ബര്‍ കൊടുക്കാന്‍ ഒട്ടും ശങ്കിക്കേണ്ട. റിസല്‍ട്ടുകള്‍ ഒക്കെ വാട്ട്‌സ്‌ആപ്പ് വഴി വന്നോട്ടെ.

കോവിഡിന്റെ ഫിലോസഫി ‘ഇന്നു ഞാന്‍ നാളെ നീ’ എന്ന പോലെ സിംപിള്‍ ആണ്. ഇനി കോവിഡ് അല്ലെങ്കില്‍ അഡിനോയുണ്ട്, റൈനോയുണ്ട്, എന്ററോയുണ്ട് അങ്ങനെ ആയിരക്കണക്കിന് വൈറസ് വേറെയുണ്ട്. അതിലേതെങ്കിലുമൊക്കെ ശരീരത്തില്‍ കയറാതെ ഈ പാതയുടെ അറ്റം കാണില്ല. കോവിഡ് മാത്രം എന്തോ അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ ചെയ്‌തോ പാമ്ബിനെ തിന്നോ വാങ്ങി വെച്ചതല്ല. അതു കൊണ്ട് ഒരു വിവേചനവും വേണ്ട.

കോവിഡ് വരാതിരിക്കാന്‍ ഒരുലളിതമായ മാര്‍ഗ്ഗം ഉണ്ട്. നാം പെരുമാറുന്ന ഓരോരുത്തരുടെയും ഉള്ളില്‍ കോവിഡ് ഉണ്ടാകുമെന്ന് സങ്കല്‍പ്പിക്കുക, അത് നിങ്ങളുടെ ചേട്ടനോ, അനിയനോ അല്ലെങ്കില്‍ ചേച്ചിയോ, അനിയത്തിയോ ആണെന്നും സങ്കല്‍പ്പിക്കുക. ഇനി ധൈര്യമായി പെരുമാറിക്കോളൂ….