കൊച്ചി: കോവിഡ് പ്രതിരോധത്തിലെ കേരള മോഡലിനെ കുറിച്ച്‌ വിശദീകരിച്ച്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ ബിബിസി വേള്‍ഡ് ന്യൂസില്‍ തത്സമയം. അന്താരാഷ്ട്ര മാധ്യമമായ ദി ഗാര്‍ഡിയന്‍ ഉള്‍പ്പെടെ കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങള്‍ക്ക് കൈയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിബിസി വേള്‍ഡ് ന്യൂസില്‍ ചര്‍ച്ചയ്ക്കിടെ തത്സമയം ആരോഗ്യമന്ത്രി എത്തിയത്.

വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കോവിഡിനെ പ്രതിരോധിക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നെന്ന് മന്ത്രി ചര്‍ച്ചയില്‍ പറഞ്ഞു. മൂന്നരക്കോടി ജനങ്ങളുളള കേരളത്തില്‍ കോവിഡ് ബാധിച്ച്‌ വെറും നാലുപേര്‍ മാത്രമാണ് മരിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നതിനെ തുടര്‍ന്ന് ആരോ​ഗ്യമന്ത്രി അഭിനന്ദിക്കപ്പെടുന്നതും ചൂണ്ടിക്കാട്ടിയാണ് ആരോഗ്യമന്ത്രിയുമായുള്ള സംഭാഷണത്തിന് ബിബിസി അവതാരകന്‍ തുടക്കമിട്ടത്.