റിയാദ് : കൊറോണ വൈറസ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് മരിച്ചത് ഒന്‍പത് പ്രവാസികളും ഒരു സൗദി പൗരനും. ഇതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 209 ആയി. മക്കയില്‍ അഞ്ചും ജിദ്ദയില്‍ രണ്ടും റിയാദ്, മദീന, ഖോബാര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്. 1015 പേര്‍ക്ക് അസുഖം ഭേദമായതോടെ രോഗമുക്തരുടെ എണ്ണം 7,798 ആയി.
1793 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 33,731 ആയി. പുതിയ രോഗികളില്‍ 83 ശതമാനം പുരുഷന്മാരും 17 ശതമാനം സ്ത്രീകളുമാണ്. ഇതില്‍ 25 ശതമാനം സൗദികളും 75 ശതമാനം വിദേശികളുമാണ്. അഞ്ച് ശതമാനം കുട്ടികളും രണ്ട് ശതമാനം കൗമാരക്കാരും 93 ശതമാനം മുതിര്‍ന്നവരുമാണ്. ചികിത്സയില്‍ കഴിയുന്ന 25714 ആളുകളില്‍ 145 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.