ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു. 4 ദിവസത്തിനിടെ 19 മലയാളികളാണ് ജിസിസി രാജ്യങ്ങളില്‍ മരിച്ചത് .യുഎഇയില്‍ മരിച്ച 126 പേരില്‍ 37 മലയാളികളുണ്ട്. അതായത് മരിക്കുന്ന നാലില്‍ ഒരാള്‍ മലയാളി. ഹൃദ്രോഗം, വൃക്ക രോഗം തുടങ്ങിയവ ഉള്ളവരിലാണു മരണ നിരക്ക് കൂടുതല്‍.കോവിഡ് ബാധിച്ച്‌ 4 മലയാളികള്‍ കൂടി യുഎഇയില്‍ മരിച്ചു. ഇതോടെ കേരളത്തിനുപുറത്തു മരിച്ചവര്‍ 88 ആയി. ഇതില്‍ 37 പേരും യുഎഇയിലാണ്.

തിരുവനന്തപുരം ശാസ്തമംഗലം കുറുപ്പ്സ് ലെയ്ന്‍ ടെന്‍ഫ്യൂ കോട്ടേജില്‍ രാധാകൃഷ്ണന്‍ നായര്‍ (56), എറണാകുളം ഏലൂര്‍ കുറ്റിക്കാട്ടുകര പുതിയറോ‍ഡ് കൊടുവേലിപ്പറമ്ബില്‍ വിജു (50) എന്നിവര്‍ ദുബായിലും ഹരിപ്പാട് പള്ളിപ്പാട് പുല്ലമ്ബട പനയാറ വീട്ടില്‍ കെ. ജേക്കബ് (ഷാജി-45) അബുദാബിയിലും മലപ്പുറം കല്‍പകഞ്ചേരി പറവന്നൂര്‍ കായല്‍മഠത്തില്‍ അബ്ദുസ്സമദ്(50) അല്‍ ഐനിലുമാണു മരിച്ചത്. സൗദിയിലെ 191 കോവിഡ് മരണങ്ങളില്‍ 24 ഇന്ത്യക്കാരാണുള്ളത്. പത്തിലേറെ മലയാളികള്‍ ഇവിടെ മരിച്ചതായാണു വിവരം.

രോഗികളില്‍ 91 ശതമാനവും വിദേശികള്‍. ഒമാനില്‍ ഒരു മലയാളി മരിച്ചു. മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇന്ത്യക്കാര്‍ നിരീക്ഷണത്തിലാണ്. മസ്കത്ത് ഗവര്‍ണറേറ്റിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. ഖത്തറിലെ 12 മരണങ്ങളില്‍ 10 പേര്‍ പ്രവാസികളാണ്. എന്നാല്‍ ഏതു രാജ്യക്കാരാണെന്ന വിവരം അറിയിച്ചിട്ടില്ല. കുവൈത്തില്‍ 5278 രോഗികളില്‍ 2297 പേര്‍ ഇന്ത്യക്കാരാണ്.

മരിച്ച 40 പേരില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 14 ഇന്ത്യക്കാരും. ബഹ്റൈനിലും ഒട്ടേറെ പ്രവാസികള്‍ രോഗബാധിതരാണ്. അതിനിടെ, യുഎഇയില്‍ ഭൂരിഭാഗത്തിനും ലക്ഷണങ്ങളില്ലാതെയാണ് കോവിഡ് ബാധ ഉണ്ടാകുന്നത് എന്നതിനാല്‍ മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.