വാളയാര്‍: ചെന്നൈയില്‍ നിന്ന് വന്ന കോവിഡ് രോഗി കിടന്നുറങ്ങിയത് കടത്തിണ്ണയില്‍. രണ്ട് ദിവസം മുന്‍പ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ച യുവാവാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയത്. കഴിഞ്ഞ ഏപ്രില്‍ 10 നാണ് ചെന്നൈയില്‍ നിന്നും ഈ വ്യക്തി കോഴിക്കോട് എത്തിയത്. പാസ് ഇല്ലാതെയായിരുന്നു യാത്ര. അന്ന് തന്നെ ജില്ലയിലെ കൊവിഡ് കെയര്‍ സെന്ററില്‍ എത്തിയിരുന്നെങ്കിലും താമസിക്കാനുള്ള സൗകര്യം കിട്ടിയില്ല. ഇതേ തുടര്‍ന്ന് കടത്തിണ്ണയിലാണ് ഇദ്ദേഹം കിടന്നത്. പിറ്റേന്നു തന്നെ ഹോം ക്വാറന്റൈനിലേക്കും മാറി.

വാളയാര്‍ വഴി ടാക്‌സിയിലായിരുന്നു ഇദ്ദേഹം എത്തിയത്. മെഡിക്കല്‍ ഷോപ്പിലും ആയുര്‍വേദ ആശുപത്രിയിലും ചായക്കടയിലും പോയിട്ടുണ്ട്. രോഗ ലക്ഷണം പ്രകടമാക്കിയതിനെ തുടര്‍ന്ന് 14 നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ വ്യക്തിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈനിലാക്കി.

അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കൊറോണ വൈറസില്‍ നിന്നും മുക്തി നേടി.