കേപ്ടൗണ്‍: ആഫ്രിക്കയില്‍ കൊവിഡ് രോഗബാധിതരുടെ എണ്ണം 10,000 കടന്നതായി ലോകാരോഗ്യ സംഘടന. 500 ഓളം പേര്‍ ഇതേവരെ ആഫ്രിക്കയില്‍ മരിച്ചതായാണ് കണക്കുകള്‍. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യ കൊവിഡ് കേസ് ഫെബ്രുവരിയില്‍ ഈജിപ്റ്റിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വരും ആഴ്ചകളില്‍ ആഫ്രിക്കയിലെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

അതേസമയം രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാത്രമാണ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയുള്ളു. ബാക്കി 52 രാജ്യങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇവയില്‍ ഭൂരിഭാഗവും ലോക്ക്ഡൗണിലോ അടിയന്തരാവസ്ഥയിലോ തുടരുകയാണ്. ആഫ്രിക്കയില്‍ 993 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആഫ്രിക്കന്‍ രാജ്യം.