കൊല്ലം: കോറോണ ഭീതി വിതച്ച ഇറ്റലിയില്‍ നിന്ന് നാട്ടിലെത്തിയവര്‍ക്ക് സ്‌നേഹ സ്വീകരണം. ഡല്‍ഹിയില്‍ ഇരുപത് ദിവസത്തെ നിരീക്ഷണത്തിന് ശേഷമാണ് 31 പേര്‍ ഇന്നലെ സ്വദേശത്ത് എത്തിയത്. ഇവരില്‍ രണ്ടു പേര്‍ കൊല്ലം ജില്ലക്കാരാണ്.
വൈകിട്ട് ആറിന് കൊല്ലം കലക്‌ട്രേറ്റിലെത്തിയ ഇവരെ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും പ്രതിനിധികള്‍ കരുതലോടെ സ്വീകരിച്ചു.

ഹാന്‍ഡ് സാനിറ്റൈസറുകള്‍, ഹാന്റ് വാഷ്, മാസ്‌കുകള്‍, ജില്ലാ ഭരണകൂടം തയ്യാറാക്കിയ ഹാന്റ് സാനിറ്റൈസര്‍ യൂസര്‍ ഗൈഡ്, ജില്ലാ മെഡിക്കല്‍ ഓഫീസ് മാസ് മീഡിയ വിഭാഗം തയ്യാറാക്കിയ ലഘുലേഖകള്‍, ഐസൊലേഷനില്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ബ്രേക്ക് ദ ചെയ്ന്‍ ക്യാമ്ബയിന്‍, തൂവാല ഉപയോഗം എന്നിവയടങ്ങിയ കിറ്റ് കൈമാറി. ജില്ലാ എഡ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍, കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസര്‍ ഡോ ജോണ്‍ മാത്യു എന്നിവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക ആംബുലന്‍സില്‍ സ്വന്തം ഭവനങ്ങളിലേക്ക്. രാഷ്ട്രാന്തര മാധ്യമങ്ങള്‍ പോലും പ്രകീര്‍ത്തിച്ച കേരളത്തിന്റെ സ്‌നേഹം നേരിട്ട് അനുവഭിക്കാന്‍ സാധിച്ചതില്‍ നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു. അഞ്ചല്‍ ഏറം സ്വദേശി മിലാനിലെ പോളിടെക്‌നിക്കോ ഡി മിലാനോയില്‍ പോളിടെക്‌നിക് കോഴ്‌സിനും കണ്ണനല്ലൂര്‍ സ്വദേശി പാര്‍മ യുണിവേഴ്‌സിറ്റിയില്‍ എം എസ് കോഴ്‌സിനും പഠിക്കുകയായിരുന്നു. ഡല്‍ഹിയിലെത്തിയ ഇവരുടെ സാമ്ബിള്‍ തുടര്‍ച്ചയായ പരിശോധനയില്‍ നെഗറ്റീവ് ആയതിനാല്‍ ഇവരെ കേരളത്തിലേയ്ക്ക് അയയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 11-ാം തീയതി ബസ് ഉത്തര്‍പ്രദേശിലെത്തി. ഇന്നലെ ഉച്ചയോടെ എറണാകുളം വൈറ്റില ഹബിലെത്തി. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട സ്‌പെഷല്‍ ആംബുലന്‍സിലാണ് തെക്കന്‍ ജില്ലയിലേക്ക് എത്തിയത്. ഇവര്‍ സ്വന്തം വീടുകളില്‍ ഇനി 14 ദിവസത്തെ കര്‍ശന നിരീക്ഷണത്തില്‍ തുടരുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.