കോഴിക്കോട്: ജില്ലയില്‍ ഇതുവരെ 22,043 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇന്ന് 3 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. നിലവില്‍ 1,311 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തു.

ഇന്ന് 182 സ്രവ സാംപിള്‍ പരിശോധനയ്‌ക്കെടുത്ത് അയച്ചിട്ടുണ്ട്. ആകെ 1,657 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,543 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,513 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്ബിളുകളില്‍ 114 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഒരു തമിഴ്നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ 4 പേരാണ് കോവിഡ്19 പോസിറ്റീവായി ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി 16 പേര്‍ക്ക് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ്‌ലൈനിലൂടെയും 150 പേര്‍ക്ക് ഫോണിലൂടെയും സേവനം നല്‍കി. ഇന്ന് മാത്രമായി ജില്ലയില്‍ 2,322 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7,781 വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവല്‍ക്കരണം നടത്തി. പുതുപ്പാടിയില്‍ മൈക്ക് പ്രചാരണവും നടത്തി.