- ഡോ. ജോര്‍ജ് എം. കാക്കനാട്ട്
ഹൂസ്റ്റണ്‍: ന്യൂയോര്‍ക്കില്‍ മരണം അയ്യായിരം കടന്നതോടെ കൂടുതല്‍ പ്രതിരോധ നടപടികളിലേക്ക് സംസ്ഥാനം. ന്യൂയോര്‍ക്ക് സിറ്റിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ 29 വരെ സ്‌കൂളുകളും ആവശ്യമില്ലാത്ത സ്‌റ്റോറുകളും അടച്ചിടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്താകെ ഇതുവരെ മരണം 10,943 ആയി. രോഗബാധിതര്‍ 3,67,650 പേര്‍. ലോകത്താകമാനം കോവിഡ് 19 ബാധിച്ചത് 1,347,646 പേര്‍ക്കാണ്. ഇതില്‍ പത്തുലക്ഷവും മറ്റു 180 രാജ്യങ്ങളിലാണ്. അമേരിക്കയെ ഭയപ്പെടുത്തുന്നതും ഈ പകര്‍ച്ചയുടെ കണക്കുകളാണ്. അമേരിക്ക കഴിഞ്ഞാല്‍ സ്‌പെയ്‌നിലാണ് കൂടുതല്‍ രോഗബാധിതര്‍. ഇവിടെ 136,675 പേരും ഇറ്റലിയില്‍ 132,547 പേര്‍ക്കും ജര്‍മ്മനിയില്‍ 103,375 പേര്‍ക്കും രോഗമുണ്ട്. ഒരു ലക്ഷം പട്ടികയിലേക്ക് ഫ്രാന്‍സും നടന്നടുക്കുന്നു. ഇവിടെ നിലവില്‍ 98,010 പേര്‍ക്ക് കോവിഡ് 19 ഉണ്ട്. എന്നാല്‍ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ 81740 പേര്‍ക്ക് മാത്രമേ ആകെ രോഗം ബാധിച്ചിട്ടുള്ളു. ഇവിടെ 211 പേര്‍ മാത്രമേ ഗുരുതരവാസ്ഥയിലുള്ളു, ആകെ മരണം 3331. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്നത് 8,983 പേരാണ്. ഇവരെല്ലാം തന്നെ വെന്റിലേറ്ററിലുമാണ്.
അമേരിക്കയിലെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്ക് പ്രതിസന്ധിയെ നിയന്ത്രിക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയെന്നു ഗവര്‍ണര്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ എം. ക്യൂമോ പറയുന്നു. മരണനിരക്കും രോഗികള്‍ ആശുപത്രിയില്‍ എത്തുന്നതിന്റെ നിരക്കും സ്ഥിരത കൈവരിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ക്യൂമോ തിങ്കളാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്കിലെ ദൈനംദിന മരണസംഖ്യ ശനിയാഴ്ച 630 ആയി ഉയര്‍ന്നെങ്കിലും ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത് 600 എന്ന സംഖ്യയില്‍ തന്നെ നിന്നു. ഒട്ടും വര്‍ദ്ധിച്ചില്ലെന്നതാണ് സ്ഥിതി നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് കാണുന്നതെന്ന കമ്യൂവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനം. ആശുപത്രി എമര്‍ജന്‍സി റൂമുകളിലേക്ക് രോഗികളുടെ തുടര്‍ച്ചയായ ഒഴുക്ക് ക്യൂമോയെപ്പോലുള്ള അധികൃതര്‍ക്ക് കടുത്ത വെല്ലുവിളിയാണ് സമ്മാനിച്ചത്.
ന്യൂയോര്‍ക്കുകാര്‍ അച്ചടക്കബോധം കാത്തുസൂക്ഷിക്കുകയും പാര്‍ക്കുകളിലോ തെരുവുകളിലോ ഒത്തുകൂടാനുള്ള അവരുടെ സ്വാഭാവിക പ്രേരണയെ അടിച്ചമര്‍ത്തുകയോ ചെയ്താല്‍ മാത്രമേ സംസ്ഥാനത്തിനു പുരോഗതി തുടരാനാകൂ എന്നും ക്യൂമോ മുന്നറിയിപ്പ് നല്‍കി. വസന്തകാല കാലാവസ്ഥ മെച്ചപ്പെടാന്‍ തുടങ്ങിയതോടെ ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലേക്കും പാര്‍ക്കുകളിലേക്കും ഇറങ്ങുന്ന സ്വഭാവ സവിശേഷതയാണ് ന്യൂയോര്‍ക്കിനുള്ളത്. പാന്‍ഡെമിക് അതിന്റെ രണ്ടാം മാസത്തിലേക്ക് കടക്കുകയും ഫെഡറല്‍ ഉേദ്യാഗസ്ഥര്‍ അതിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതിനുള്ള നിര്‍ണായക നിമിഷം എന്ന് വിളിക്കുകയും ചെയ്തപ്പോഴാണ് ഗവര്‍ണറുടെ സമ്മിശ്ര വിലയിരുത്തല്‍.
അതേസമയം, ന്യൂയോര്‍ക്ക് സ്‌റ്റേറ്റിലെ വൈറസിന്റെ ആകെ എണ്ണം ഇപ്പോഴും ആശങ്കാജനകമാണെന്നാണ് സൂചന. സംസ്ഥാനത്ത് 120,000ത്തിലധികം താമസക്കാര്‍ക്ക് പോസിറ്റീവ് പരീക്ഷിച്ചു, 16,000ത്തിലധികം പേര്‍ ആശുപത്രിയില്‍. ഇതില്‍ നിരവധി മലയാളികളുമുണ്ട്. രാജ്യത്തുടനീളം, പല സംസ്ഥാനങ്ങളിലും ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത് ഏറെ ബുദ്ധിമുട്ടിയാണ്. മതിയായ ജീവനക്കാരില്ലാതെ, വര്‍ദ്ധിക്കുന്ന കേസുകള്‍ കൈകാര്യം ചെയ്യാനാവാതെ വിരമിച്ചവരെയും വോളന്റിയേഴ്‌സിനെയും ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ആത്യന്തികമായി രാജ്യത്താകമാനം ഒരു ലക്ഷത്തിലധികം ആളുകളെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന ഫെഡറല്‍ ഉദ്യോഗസ്ഥര്‍, അടുത്ത ദിവസങ്ങളില്‍ മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തില്‍ ഭയാനകമായ വര്‍ദ്ധനവ് വരുമെന്ന് മുന്നറിയിപ്പ് നല്‍കി.
ഫ്‌ളോറിഡ, ഇന്ത്യാന, ലൂസിയാന എന്നിവിടങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം ഇരട്ടിയായി. അമേരിക്കയില്‍ ആദ്യമായി വൈറസ് ഉയര്‍ന്ന വെസ്റ്റ് കോസ്റ്റില്‍ സ്ഥിതി മെച്ചപ്പെടുന്നതിന്റെ സൂചനകളും ഉണ്ട്. കാലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിംഗ്ടണ്‍ ഗവര്‍ണര്‍മാര്‍ തങ്ങള്‍ കരുതി വച്ചിരിക്കുന്ന വെന്റിലേറ്ററുകള്‍ കൂടുതല്‍ ആവശ്യമുള്ള സംസ്ഥാനങ്ങളിലേക്ക് അയക്കുമെന്ന് അറിയിച്ചു.
കണക്കുകളുടെ ഗതിവിഗതികള്‍ വിശദീകരിക്കാന്‍ വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് സൃഷ്ടിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ മോഡലുകളാണ് ഉപയോഗിക്കുന്നത്. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുമ്പ്, വീട്ടില്‍ അസുഖം മൂലം മരിക്കുന്നവര്‍ ന്യൂയോര്‍ക്കില്‍ ഏറെയുണ്ടെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പലര്‍ക്കും തങ്ങള്‍ രോഗബാധിതരാണെന്ന് പോലും അറിയില്ല. സാമൂഹിക അകലം പാലിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റിയിലെ ഉേദ്യാഗസ്ഥര്‍ എല്ലാ ഡോഗ് പാര്‍ക്കുകളും ഡോഗ് റണ്ണുകളും അടയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഒപ്പം, ശവസംസ്‌കാര ചടങ്ങുകള്‍ ഇല്ലാതാക്കുമെന്നും സിറ്റി അധികൃതര്‍ പറഞ്ഞു. ബ്രൂക്ലിനിലെ ബൊറോ പാര്‍ക്കില്‍ വൈറസ് ബാധിച്ച് മരണമടഞ്ഞ പ്രമുഖ അള്‍ട്രാ ഓര്‍ത്തഡോക്‌സ് ജൂത റബ്ബിയുടെ അന്ത്യകര്‍മങ്ങള്‍ പോലീസ് നിര്‍ത്തിവയ്പിച്ചിരുന്നു. സാമൂഹിക അകല നിയമങ്ങള്‍ അവഗണിച്ചാല്‍ പിഴ ഇരട്ടിയാക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കോവിഡ് 19 മൂലം തകര്‍ന്ന ആശുപത്രി സംവിധാനം ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തുടനീളം നിര്‍ണായക വൈദ്യസഹായങ്ങളുടെ അഭാവം അനുഭവിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വാച്ച്‌ഡോഗ് പുറത്തുവിട്ട പഠനത്തില്‍ പറയുന്നു. ന്യൂയോര്‍ക്കിലെ നഴ്‌സിംഗ് യൂണിയനുകള്‍ എന്‍95 മാസ്‌കുകള്‍ പോലുള്ള കൂടുതല്‍ സംരക്ഷണ ഉപകരണങ്ങള്‍ ആവശ്യപ്പെടുകയും പാന്‍ഡെമിക് സമയത്ത് ജീവനക്കാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. 800 ലധികം വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്ക് നഗരത്തിലേക്കും അതിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാറ്റാന്‍ ആലോചിക്കുന്നതായും ക്യൂമോ അറിയിച്ചു. ന്യൂയോര്‍ക്ക് എപ്പിസ്‌കോപ്പല്‍ രൂപതയുടെ അധികൃതര്‍ തിങ്കളാഴ്ച മാന്‍ഹട്ടനിലെ സെന്റ് ജോണ്‍ ദി ഡിവിഷന്റെ കത്തീഡ്രല്‍ ചര്‍ച്ച് ഫീല്‍ഡ് ഹോസ്പിറ്റലായി മാറ്റുമെന്ന് പ്രഖ്യാപിച്ചു.
വൈറസ് ബാധിച്ച് നഗരവാസികളുടെ എണ്ണം അവരെ കൈകാര്യം ചെയ്യാനുള്ള ശേഷിയെ മറികടക്കുന്നതിനാല്‍, നഗരത്തിലെ ഒരു പാര്‍ക്ക് കൂട്ട ശ്മശാനമാക്കുന്നതിനെക്കുറിച്ച് ഉദേ്യാഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്ന് സിറ്റി കൗണ്‍സിലിന്റെ ആരോഗ്യ സമിതി ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍ മേയര്‍ ബില്‍ ഡി ബ്ലാസിയോയ്ക്ക് ഇതിനോട് എതിര്‍പ്പാണുള്ളത്.
വൈറസ് രോഗികളെ ചികിത്സിക്കുന്നതിനായി മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ന്യൂയോര്‍ക്കിലെ ആശുപത്രികള്‍ ഇതിനകം തന്നെ ഇത് ഉപയോഗിക്കുന്നുണ്ടെന്നും ഫാര്‍മസികളിലേക്കുള്ള മരുന്നുകളുടെ ഫെഡറല്‍ വിതരണം വര്‍ദ്ധിപ്പിക്കാന്‍ ട്രംപിനോട് ആവശ്യപ്പെടാന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും ക്യൂമോ പറഞ്ഞു.