കൊളംബിയ: കൊറോണ പകര്‍ച്ചവ്യാധി പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിന ഗവര്‍ണര്‍ ഹെന്‍റി മക് മാസ്റ്ററിന്റെ നിര്‍ദ്ദേശ പ്രകാരം ഇന്നലെ മെയ് മൂന്നു ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രാര്‍ത്ഥനാദിനമായി ആചരിച്ചു. നേരത്തെ വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലൂടെയാണ് ഗവര്‍ണര്‍ സംസ്ഥാന വ്യാപക പ്രാര്‍ത്ഥനാ ദിനാചരണം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സൗത്ത് കരോളിനക്കാരുടെ ജീവിതങ്ങളെ ഇതുവരെ കൊണ്ടെത്തിച്ചതിന് ദൈവത്തോട് നന്ദി പറയാം. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരേയും, നഷ്ടപ്പെടുവാനിരിക്കുന്നവരേയും, അവരുടെ സുഹൃത്തുക്കളേയും, കുടുംബാംഗങ്ങളേയും ആശ്വസിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവെന്നും ഗവര്‍ണര്‍ മക് മാസ്റ്റര്‍ പറഞ്ഞു. കൊറോണയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരേയും, കൊറോണക്കെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്നവരേയും ആദരിക്കുവാന്‍ കൂടിയാണ് ഇതെന്നാണ് ഗവര്‍ണറുടെ ഒരു ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ പ്രാര്‍ത്ഥന ദിനമായി ആചരണം നടത്തിയിട്ടുണ്ട്.