ആലപ്പുഴ: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 291 കോവിഡ് കെയര്‍ സെന്ററുകളിലായി 4678 ഐസൊലേഷന്‍ മുറികള്‍ സജ്ജമായി. വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവരെ ആവശ്യമെങ്കില്‍ പാര്‍പ്പിക്കാനാണ് ഇവ. ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന രോഗ ലക്ഷണമില്ലാത്തവര്‍ക്ക് സ്വന്തം വീടുകളില്‍ ഐസൊലേഷന്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ ഐസൊലേഷനില്‍ താമസിക്കാം. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് കോവിഡ് കെയര്‍ സെന്ററുകളാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ജില്ലയില്‍ സജ്ജീകരിക്കും.

ജില്ലാ പോലീസ് മേധാവി, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം),തഹസീല്‍ദാര്‍മാര്‍ /ഇന്‍സിഡന്റ് കമാന്‍ഡര്‍മാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, (പൊതുമരാമത്ത് കെട്ടിട വിഭാഗം), തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍, ജില്ലാ ഫയര്‍ & റെസ്‌ക്യൂ സര്‍വ്വീസ്, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍, (ശുചിത്വമിഷന്‍, ഹരിതകേരള മിഷന്‍) എന്നിവര്‍ക്കാണ് വിവിധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കേണ്ടവരുടെ വിവരം അതത് താലൂക്ക് തഹസീല്‍ദാര്‍മാരെയും ജില്ലാ ഭരണകൂടത്തേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കണം. കോവിഡ് കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവരുടെ ആരോഗ്യ പരിശോധന, നിരീക്ഷണത്തിനുള്ള സ്ഥിരം സംവിധാനം എന്നിവ സജ്ജീകരിക്കണം. ആശുപത്രികളിലേയ്ക്ക് മാറ്റേണ്ടവര്‍ക്ക് ആവശ്യമായ ആംബുലന്‍സ് സൗകര്യം ഉറപ്പാക്കേണ്ടതും ജില്ല മെഡിക്കല്‍ ഓഫീസറുടെ ചുമതലയാണ്. ആരോഗ്യ വകുപ്പില്‍ നിന്നും ജില്ല ഭരണകൂടത്തില്‍ നിന്നും നിര്‍ദ്ദേശം ലഭിക്കുന്നതനുസരിച്ച്‌ കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കേണ്ട ചുമതല തഹസീല്‍ദാര്‍മാര്‍ക്കാണ്. സെന്ററുകളില്‍ ആവശ്യമായ പോലീസ്, ഹെല്‍ത്ത്, നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കണം.

കോവിഡ് ‌കെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെ ആവശ്യമായ എല്ലാ അടിസ്ഥാനസൌകര്യങ്ങളും ഉറപ്പാക്കേണ്ടതും തഹസീല്‍ദാരുടെ ചുമതലയാണ്. കോവിഡ് കെയര്‍ സെന്ററുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പാക്കാനായി എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ (പൊതുമരാമത്ത് കെട്ടിട വിഭാഗം) ചുമതലപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്ക് ആവശ്യമായ പോലീസ് നിരീക്ഷണം ജില്ല പോലീസ് മേധാവി ഏര്‍പ്പെടുത്തും.
കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ സഹായം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കണമെന്നും ജില്ല കളക്ടര്‍ ഉത്തരവിട്ടു. ഇവിടെയുള്ളവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കേണ്ടതും അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. മാലിന്യസംസ്‌ക്കരണവും ശുചീകരണവും ഇവര്‍ നടത്തണം. ശുചിത്വ മിഷനും ഹരിത കേരളം മിഷനും മാലിന്യ സംസ്‌ക്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം പ്രവര്‍ത്തിക്കും.
കോവിഡ് കെയര്‍ സെന്ററുകളില്‍ ആവശ്യമായ സുരക്ഷാ സൗകര്യങ്ങള്‍ ജില്ല ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ സാനിറ്റേഷന് വേണ്ടിയുള്ള സൗകര്യങ്ങളും ഫയര്‍ & റെസ്‌ക്യൂ വിഭാഗം ഉറപ്പ് വരുത്തും.