കോൺസുലേറ്റ് വഴി പാഴ്‌സലുകൾ വിതരണം ചെയ്ത സംഭവം അന്വേഷിക്കാൻ കസ്റ്റംസിൽ പ്രത്യേക സംഘം. സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന സംഘത്തിന് പുറമെയാണ് മറ്റൊരു സംഘം രണ്ട് കേസുകൾ അന്വേഷിക്കുക. ഒരു സൂപ്രണ്ടും രണ്ട് ഇൻസ്‌പെക്ടർമാരും അടങ്ങുന്നതാണ് സംഘം.
ഈ സംഘം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരെ ചോദ്യം ചെയ്യും. കൂടാതെ കെ ടി ജലീലിനെ ഉൾപ്പെടെ സംഘം ചോദ്യം ചെയ്യും. നിലവിൽ ഏഴ് പേരുടെ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. കോൺസുലേറ്റ് വഴി ഈന്തപ്പഴം എത്തിച്ചതും മതഗ്രന്ഥങ്ങൾ എത്തിച്ചതുമാണ് പുതിയ സംഘം അന്വേഷിക്കുക.
കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാരിനെതിരെ കസ്റ്റംസ് കേസ് എടുത്ത വിവരം പുറത്തുവന്നത്. കസ്റ്റംസ് നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത സാധനങ്ങൾ കൈപ്പറ്റിയതിനാണ് കേസ്. എഫ്‌സിആർഎ, പിഎംഎൽഎ, കസ്റ്റംസ് ആക്ട് എന്നിവ ലംഘിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം ലംഘിച്ച് ഇറക്കുമതി ചെയ്ത ഖുർആനും ഈന്തപ്പഴവും സർക്കാർ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.
2016 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയത് മുതൽ യുഎഇ കോൺസുലേറ്റ് വഴിയെത്തിയത് 17000 കിലോ ഈന്തപ്പഴമാണെന്നാണ് വിവരം. കോൺസുൽ ജനറലിന്റെ പേരിലാണ് ഇത് എത്തിയത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതിൽ അസ്വാഭാവികതയുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് കേസെടുത്തത്. ഇതിന് പുറമേ ഖുർആൻ എത്തിച്ച സംഭവത്തിലും കേസെടുക്കുകയായിരുന്നു.