ലണ്ടന്‍: കോവിഡ് ഭയന്ന് ഇനിയും കൊട്ടിയടക്കാനാവാതെ നാടും തെരുവും വ്യവസായവും തുറന്ന ലോകത്തിന് പ്രതീക്ഷക്കൊപ്പം ആധിയും നല്കി പ്രവേശനോത്സവം. ചൈന ദിവസങ്ങള്‍ക്കുമുമ്ബ് സ്കൂളുകള്‍ തുറന്നപ്പോള്‍ ഏഷ്യയില്‍ മറ്റു രാജ്യങ്ങളും യൂറോപ്പും വീണ്ടും വിദ്യാര്‍ഥികള്‍ക്കായി കലാലയ വാതിലുകള്‍ തുറക്കുകയാണ്.
ആസ്ട്രേലിയ, ഹോങ്കോങ്, ജപ്പാന് എന്നിവ ഘട്ടംഘട്ടമായി വിദ്യാലയങ്ങള്‍ തുറക്കുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജര്‍മനിയില്‍ കടുത്ത നിയന്ത്രണങ്ങളോടെ സ്കൂള്‍ ആരംഭത്തിന് കഴിഞ്ഞ ആഴ്ച അനുമതി നല്കി. ഡെന്മാര്ക് പ്രൈമറി സ്കൂളുകളും നഴ്സറികളും നേരത്തേ തുറന്നിരുന്നു. ഇന്നലെ ഹൈസ്കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങി. ജര്‍മനി പക്ഷേ, വലിയ കുട്ടികള്‍ക്കാണ് ആദ്യം തുറന്നത്. ഫ്രാന്‍സില്‍ പ്രൈമറി, മിഡ്ല്‍ ക്ലാസുകള്‍ക്കായിരുന്നു ആദ്യം അനുമതി. വൈറസ്ബാധയുടെ ഭീതി തുടരുന്ന ഇറ്റലി, സ്പെയിന് എന്നിവിടങ്ങളില്‍ അടുത്തെങ്ങും കലാലയങ്ങളില്‍ വിദ്യാര്ഥികളെത്തില്ല. ബെല്‍ജിയം, നെതര്‍ലന്‍ഡ്സ്, ഗ്രീസ് തുടങ്ങിയിടങ്ങളിലും വൈകാതെ ക്ലാസുകളുണരും.