തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,000 കവിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഇതുവരെ 2,006 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,175 ആക്ടീവ് രോഗികളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. ആകെ 814 പേര് രോഗമുക്തി നേടി. 16 പേര് കോവിഡ് ബാധിച്ച് മരിച്ചെന്നും കണക്കുകള്‍ പറയുന്നു.
ജനുവരി മുപ്പതിനാണ് കേരളത്തില്‍ ആദ്യ കോവിഡ് കേസ് സ്ഥിരീകരിക്കുന്നത്. ചൈനയില്‍നിന്ന് എത്തിയ വിദ്യാര്‍ഥിക്കായിരുന്നു രോഗബാധ. മാര്‍ച്ച് 24-ന് കേരളത്തില്‍ കോവിഡ് കേസുകള്‍ 100 കടന്നു. മേയ് രണ്ടിനാണ് കേരളം 500 കോവിഡ് കേസുകള്‍ പൂര്‍ത്തിയാക്കുന്നത്. 19 ദിവസത്തിനുശേഷം മേയ് 21-ലെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 691 കോവിഡ് കേസുകളാണുള്ളത്.
എന്നാല്‍ ഇതിനുശേഷം തുടര്‍ച്ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ വലിയ വര്‍ധനയുണ്ടായി. മേയ് 27-ന് കേരളം 1,000 കോവിഡ് കേസുകള്‍ പിന്നിട്ടു. വെറും 12 ദിവസമാണ് അടുത്ത 2,000 കോവിഡ് രോഗികളിലേക്ക് എത്താന്‍ കേരളത്തിനു വേണ്ടിവന്നത് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.
82, 94, 111, 108, 107, 91 എന്നിങ്ങനെയാണ് ഒടുവിലെ ആറു ദിവസങ്ങളില്‍ കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ കണക്ക്. 337 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാസര്‍ഗോഡ് ജില്ലയാണ് കണക്കുകളില്‍ മുന്നിട്ടുനില്‍ക്കുന്നത്. കണ്ണൂര്‍ (265), പാലക്കാട് (232), മലപ്പുറം (217), തൃശൂര്‍ (164) എന്നിങ്ങനെയാണ് മുന്നിട്ടുനില്ക്കുന്ന മറ്റു നാലു ജില്ലകളിലെ കണക്ക്.
സംസ്ഥാനത്ത് ഇതുവരെ 16 പേരാണ് സര്‍ക്കാര്‍ കണക്ക് പ്രകാരം മരിച്ചത്. മാഹിയിലെ മരണം ഒഴിവാക്കിയാണിത്. മാര്‍ച്ച് 29-നാണ് ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മേയ് 21 വരെ നാലു പേരില്‍ മരണം ഒതുക്കിനിര്‍ത്താന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ ഇതിനു ശേഷമുള്ള ദിവസങ്ങളില്‍ ശരാശരി ഒരാള്‍ എന്ന തോതില്‍ കേരളത്തില്‍ കോവിഡ് മരണം സംഭവിക്കുന്നുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കേരളത്തിനു കഴിഞ്ഞു. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും ആളുകള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയതോടെ സംസ്ഥാനത്തെ കോവിഡ് കണക്കുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തി തുടങ്ങി. ഇപ്പോള്‍ സന്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം പകരുന്നതും രോഗബാധിതരില്‍ ചിലര്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നു കണ്ടെത്താന്‍ കഴിയാത്തതും ആരോഗ്യമേഖലയെ ആശങ്കപ്പെടുത്തുന്നതാണ്.