ന്യൂഡല്‍ഹി : കോവിഡ് ഭീതിയില്‍ നോയിഡ, ഗാസിയാബാദ് , ഡല്‍ഹി ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ച ഗര്‍ഭിണി അടക്കം നാലു പേര്‍ക്കു ദാരുണാന്ത്യം . സംഭവം പുറത്തായതോടെ വന്‍ വിവാദമായി . യുപിയിലെയും ഡല്‍ഹിയിലെയും ഒന്‍പത് ആശുപത്രികളില്‍ പ്രവേശനം നിഷേധിച്ച 48 വയസുള്ള മമത ദേവിയാണ് മരിച്ചവരില്‍ ഒരാള്‍ . നോയിഡയിലെ എട്ട് ആശുപത്രികളിലെത്തിയെങ്കിലും ചികിത്സ കിട്ടാതെ എട്ടു മാസം ഗര്‍ഭിണിയായ നീലം കുമാരിയെന്ന മുപ്പതുകാരിയും ഒരു നവജാത പെണ്‍കുട്ടിയും മരിച്ചതിനു പിന്നാലെയാണിത് . നോയിഡയിലെ തന്നെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട ഗര്‍ഭിണിയായ ഇരപത്തിയാറുകാരി പൂനം റോഡില്‍ ചാപിള്ളയെ പ്രസവിക്കേണ്ടിവന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തു . ഡല്‍ഹിയിലെ അഞ്ച് ആശുപത്രികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നു ഭോപ്പാലിലേക്ക് 800 കിലോമീറ്റര്‍ ട്രെയിനില്‍ യാത്രചെയ്തെത്തിയ ഒരു കോവിഡ് രോഗിയും മരിച്ചു .
ആവശ്യത്തിനു കിടക്ക ഇല്ലെന്ന കാരണം പറഞ്ഞാണു കോവിഡ് രോഗികളെയും രോഗസാധ്യതയുള്ളവരെയും പ്രവേശിപ്പിക്കാനും ചികിത്സ നല്‍കാനും യുപിയിലെയും ഡല്‍ഹിയിലെയും ആശുപത്രികള്‍ ചികിത്സ നിരസിച്ചത് . ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ കഴിഞ്ഞ ശനിയാഴ്ച മുന്നറിയിപ്പു നല്‍കിയിരുന്നു.
യുപിയിലെ ഖോഡ ഗ്രാമത്തിലെ പ്രതാപ് വിഹാര്‍ കോളനിയില്‍ താമസിച്ചിരുന്ന മമതദേവിക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്നാണ് നോയിഡയിലെയും ഗാസിയാബാദിലെയും ഡല്‍ഹിയിലെയും 9 ആശുപത്രികളില്‍ ചികിത്സ തേടാന്‍ ശ്രമിച്ചത് . അടുത്തിടെ ജോലി നഷ്ടപ്പെട്ട മകന് അര്ജുന് സിംഗ് അമ്മയെയും കൊണ്ട് ആംബുലന്‍സിലാണ് ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ആദ്യമെത്തിയത്. ആശുപത്രിയില്‍ കിടക്ക ഒഴിവില്ലെന്ന് അറിയിച്ചു പറഞ്ഞുവിടുകയായിരുന്നു . ഡല്‍ഹിയില്‍ തന്നെ മറ്റു മൂന്ന് ആശുപത്രികളില്‍കൂടി അമ്മയുമായി ചെന്നെങ്കിലും ആരും ചികിത്സിക്കാന്‍ തയാറായില്ല. തുടര്‍ന്ന് യുപി ഗാസിയാബാദിലെ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഏതാനും ഇന്ജെക്ഷന് ഇന്ജെക്ഷന് നല്കി പറഞ്ഞയച്ചു . പിറ്റേന്നു രാവിലെ ശ്വാസതടസമുണ്ടായപ്പോള്‍ ആംബുലന്‍സിനായി ശ്രമിച്ചെങ്കിലും കിട്ടിയില്ല . പിന്നീട് സ്വകാര്യ അംബുലന്‍സില്‍ മമതയെ ഡല്‍ഹിയിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു .
പ്രാഥമിക ചികിത്സയ്ക്കു ശേഷം വേറെ ആശുപത്രിയിലേക്കു കൊണ്ടുപോകണമെന്ന് ഈ ആശുപത്രിക്കാരും നിര്‍ദേശിച്ചതെന്നു മകന് പറയുന്നു . ഇതേത്തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ആറ് മണിക്കൂറിലേറെ കറങ്ങിയ ഇവരെ കര്ക്കഡൂമയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി . ഇവിടെനിന്നു വീണ്ടും ഗാസിയാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി . മീററ്റിലെ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകാനായിരുന്നു ഈ ആശുപത്രിക്കാരും നിര്‍ദേശിച്ചെങ്കിലും രാത്രി 10 മണിയോടെ ഇവര്‍ മരിച്ചു .