കോവിഡ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. രോഗം സ്ഥിരീകരിച്ചതിനുശേഷം 14, 21 ദിവസങ്ങളില്‍ നടത്തുന്ന കോവിഡ് കോവിഡ് പരിശോധന നെഗറ്റീവ് ആയാല്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാം എന്ന മുന്‍ നിര്‍ദേശത്തിനു പകരമുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
രോഗികളുടെ ആരോഗ്യനിലയും, രോഗതീവ്രതയും അടിസ്ഥാനമാക്കിയുള്ള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രോഗം മൂര്‍ച്ഛിച്ചവര്‍, തീവ്രത കുറഞ്ഞവര്‍, നേരിയ രോഗലക്ഷണങ്ങളുളളവര്‍ എന്നിങ്ങനെ മൂന്നായി തിരിച്ചാണ് ഡിസ്ചാര്‍ജ് നിര്‍ദ്ദേശം.മൂന്നുദിവസം പനി ഇല്ലാതിരിക്കുകയും പത്തുദിവസത്തിനുശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരിക്കുകയും ചെയ്താല്‍ ടെസ്റ്റ് നടത്താതെ ഡിസ്ചാര്ഡ് ചെയ്യാം. എന്നാല്‍ തുടര്‍ന്നുള്ള ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ തുടരണം. രോഗതീവ്രത കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് പനി മൂന്നുദിവസത്തിനുള്ളില്‍ മാറുകയും ഓക്സിജന്‍ സാച്ചുറേഷന്‍ 95 ശതമാനത്തിന്റെ മുകളില്‍ നില്‍ക്കുകയും ചെയ്താല്‍ 10 ദിവസത്തിനുശേഷം ഡിസ്ചാര്‍ജ് ചെയ്യാം. ഇവരും ഏഴുദിവസം ഹോം ക്വാറന്റൈനിയിലായിരിക്കണം.
രോഗപ്രതിരോധശേഷി കുറഞ്ഞവരിലെ തീവ്രത കൂടിയ കേസുകളുടെ ഡിസ്ചാര്‍ജ് പല മാനദണ്ഡങ്ങള്‍ ആശ്രയിച്ചാണുള്ളത്. രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവരുത്. ആര്‍ടി-പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ഫലം വന്നാല്‍ മാത്രം ഡിസ്ചാര്‍ജ് അനുവദിക്കാം.