ന്യൂഡൽഹി: കോവിഡ് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.
വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. ഇതിനു ശേഷം ലോക്ഡൗൺ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര തീരുമാനത്തിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്ന നിലപാടിലാണ് കേരളം. ഇതിനിടെ പ്രധാനമന്ത്രി ഇന്ന് സർവകക്ഷിയോഗവും വിളിച്ചു ചേർത്തിട്ടുണ്ട്.
രാജ്യത്തെ സ്കൂളുകൾ ഉൾപ്പെടെ പൊതു ഇടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ പങ്കെടുത്ത മന്ത്രിസഭാ സമിതിയാണ് റിപ്പോർട്ട് നൽകിയത്.
ആളുകൾ കൂട്ടമായി എത്താൻ സാധ്യതയുള്ള മതകേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങൾ സൂഷ്മമായി നിരീക്ഷിക്കണമെന്നും ഡ്രോണുകളിലൂടെയുള്ള നിരീക്ഷണം വർധിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഏപ്രിൽ 14 മുതൽ നാല് ആഴ്ച നിയന്ത്രണങ്ങൾ തുടരണമെന്നാണ് സമിതി നിർദശിച്ചിരിക്കുന്നത്.
ഇക്കാലയളവിൽ മതകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മാർച്ച് 24ന് ശേഷം ചേർന്ന നാലാമത്തെ മന്ത്രിസഭാസമിതി യോഗമായിരുന്നു ഇത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും. ഇതിനു ശേഷവും മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടാനാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ഇക്കാര്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചർച്ച ചെയ്യുകയാണ്.