കോട്ടയം: ക്‌നാനായ സഭയിലെ സമാധാനം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് രണ്ട് മേഖലാ മെത്രാപ്പോലീത്താ മാരുടെ നേതൃത്വത്തിൽ വൈദികൻ ചിങ്ങവനത്ത് പ്രാർത്ഥനാ യജ്ഞം നടത്തി. കല്ലിശേരി മേഖലാ മെത്രോപ്പീലാത്ത കുറിയാക്കോസ് മാർ ഗ്രീഗോറിയോസ്, റാന്നി മേഖല മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ ഈവാനിയോസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാ യജ്ഞം നടത്തിയത്.

വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ആരംഭിച്ച യജ്ഞം ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് സമാപിച്ചു. സമുദായ ആസ്ഥാനമായ ചിങ്ങവനം മോർ അഫ്രം സെമിനാരിയുടെ മുന്നിലാണ് വൈദികർ പ്രാർത്ഥനാ യജ്ഞം നടത്തിയത്. മോർ അഫ്രേം സെമിനാരിയ്ക്കുള്ളിൽ കയറി പ്രാർത്ഥിച്ച ശേഷം പ്രാർത്ഥനാ യജ്ഞം ആരംഭിക്കുന്നതിനായിരുന്നു വൈദികർ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, രാവിലെ ഇവർ പള്ളിയ്ക്കു മുന്നിൽ എത്തിയപ്പോൾ ഗൈറ്റ് അടഞ്ഞു കിടക്കുന്നതാണ് കണ്ടത്. തുടർന്ന്, മാർ അഫ്രേം സെമിനാരിയ്ക്കു മുന്നിലെ കവാടത്തിൽ വൈദികർ പ്രാർത്ഥനാ യജ്ഞത്തോടെ ഇരിയ്ക്കുകയായിരുന്നു.

ക്‌നാനായ സമുദായത്തിലെ വൈദികരോടുള്ള അന്യായമായ നടപടികളിൽ പ്രതിഷേധിച്ചാണ് പ്രാർത്ഥനാ യജ്ഞം സംഘടിപ്പിച്ചത്. പ്രാർത്ഥനാ യജ്ഞം മുൻ വൈദിക ട്രസ്റ്റി റവ ഫാ. തോമസ് എബ്രഹാം കടപ്പനങ്ങാട് ഉദ്ഘാടനം ചെയ്തു. അന്ത്യോഖ്യ സിംഹസനത്തോടുള്ള ഭക്തിയും കൂറും വിധേയത്വവും വിശ്വാസവും പ്രഖ്യാപിച്ചും സമുദായത്തിൽ സമാധാനം പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് കൊണ്ട് കൂടിയാണ് പ്രാർത്ഥനാ യ്ജ്ഞം നടത്തിയത്.