കൊച്ചി: ക്വാലലംപൂരില്‍ നിന്ന് 184 പ്രവാസികളുമായുള്ള വിമാനം കൊച്ചിയിലെത്തി. മലയാളികള്‍ക്കു പുറമേ ബെംഗളൂരു, കോയമ്ബത്തൂര്‍, ലക്ഷദ്വീപ്, തമിഴ്നാട് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരും ഇതേ വിമാനത്തില്‍ കൊച്ചിയിലിറങ്ങി . ഇന്നലെ രാത്രി 10.10 നാണ് വിമാനംനെടുമ്ബാശേരിയിലെത്തിയത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയഇന്ത്യക്കാരെയും കൊണ്ട് അഞ്ചാമത്തെ വിമാനമാണ് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയത്.

വിമാനത്താവളത്തിലെ കോവിഡ് പരിശോധനയില്‍ രോഗം കണ്ടെത്തുന്നവരെ ഐസലേറ്റ് ചെയ്ത ശേഷം മറ്റുള്ളവരെ അവരവരുടെ ജില്ലകളില്‍ ക്വാറന്റീന്‍ ചെയ്യും. ഇതരസംസ്ഥാനങ്ങളിലുള്ളവരെ എറണാകുളത്തുതന്നെ ക്വാറന്റീന്‍ ചെയ്യും.

അതേസമയം, വിദേശത്ത് കുടുങ്ങിയ പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാംദിനമായ ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി സംസ്ഥാനത്ത് എത്തും. ദുബായില്‍ നിന്നുള്ള വിമാനം രാത്രി 8.10 ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തും. ദുബായില്‍ നിന്ന് രണ്ടാംതവണയാണ് വിമാനം കേരളത്തില്‍ എത്തുന്നത്. ബഹ്‌റൈനില്‍ നിന്നുള്ള എയര്‍ഇന്ത്യാ വിമാനം രാത്രി 11.20 ന് കരിപ്പൂരില്‍ എത്തും. 10 ജില്ലകളില്‍ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയും അടക്കും 184 പേരാണ് തിരിച്ചെത്തുന്നത്.