വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസ് നഗരത്തില്‍ കറുത്ത വര്‍ഗക്കാരനെ വെള്ളക്കാരനായ പോലീസ് ഓഫീസര്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. അറ്റ്ലാന്റ, കെന്റക്കി, മിഷിഗണ്‍, ന്യൂയോര്‍ക്ക്, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി.
അറ്റ്ലാന്റയില്‍ സിഎന്‍എന്‍ ന്യൂസ് ചാനലിന്റെ ഓഫീസ് പ്രതിഷേധക്കാര്‍ ആക്രമിച്ചു. ഫസ്റ്റ് അവന്യൂവില്‍ പോസ്റ്റ്ഓഫീസ് കത്തിച്ചു. മിഷിഗണില്‍ നടന്ന പ്രതിഷേധത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അജ്ഞാതന്‍ ജനക്കൂട്ടത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം മിനിയാപോളിസില്‍ ജനക്കൂട്ടം നിരവധി വ്യാപാരസ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും പല കടകള്‍ക്കും തീവയ്ക്കുകയും ചെയ്തിരുന്നു. പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്.
വ്യാജനോട്ട് മാറാന്‍ ശ്രമിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്ളോയിഡ് (46)എന്ന കറുത്ത വംശജനെ തിങ്കളാഴ്ച പോലീസ് ഓഫീസര്‍ കൊലപ്പെടുത്തിയെന്നാണു കേസ്. കൈയാമം വച്ച നിലയില്‍ നിലത്തു കിടക്കുന്ന ഫ്ളോയിഡിന്റെ കഴുത്തില്‍ പോലീസ് ഓഫീസര്‍ മുട്ടുകുത്തിയിരിക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിട്ടിട്ടുണ്ട്.