വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ ആഫ്രിക്കന്‍ വംശജരെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ ക്ഷമ പറഞ്ഞ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്. തനിക്കു പകരം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇനിയും വോട്ട് ചെയ്യുകയാണെങ്കില്‍ അമേരിക്കയിലുള്ള ആഫ്രിക്കന്‍ വംശജര്‍ കറുത്തവര്ഗക്കാരല്ല എന്നായിരുന്നു ബൈഡന്റെ പരാമര്‍ശം.
താന്‍ ഒരിക്കലും ആഫ്രിക്കന്‍ സമൂഹത്തെ നിസാരമായി കണ്ടിട്ടില്ലെന്ന് ആഫ്രിക്കന്‍ ബിസിനസ് നേതാക്കളെ ഫോണില്‍ വിളിച്ച് ബൈഡന് വ്യക്തമാക്കി. ആഫ്രിക്കന്‍ സമൂഹത്തിന്റെ വോട്ട് നിസാരമായി കരുതുന്നതുപോലെയാണ് അഭിപ്രായങ്ങള്‍ വന്നതെന്ന് തനിക്കറിയാം. അതിന് സത്യവുമായി ബന്ധമില്ല. അത്തരമൊരു കാര്യം ഞാനൊരിക്കലും ചെയ്തിട്ടില്ല.- ബൈഡന് വിശദീകരിച്ചു.
ഞാന്‍ മത്സരിച്ചപ്പോഴൊക്കെ ആഫ്രിക്കന്‍ സമൂഹത്തിന്റെ പിന്തുണ നേടി. അവരുടെ വോട്ട് നിസാരമായി കരുതിയിട്ടില്ല. യഥാര്‍ത്ഥത്തില്‍, പ്രസിഡന്റ് സ്ഥാനം നേടാന്‍ തനിക്ക് ആഫ്രിക്കന്‍ സമൂഹത്തിന്റെ വോട്ട് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു വര്‍ഷം മുന്‍പ്, തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്പോള്‍ പറഞ്ഞതുപോലെ എന്റെ വിജയത്തിനുള്ള പ്രേരക ശക്തി കറുത്ത വംശജരാണ്. പ്രസിഡന്റ് പദവി നേടുന്നതില്‍ അവരുടെ പിന്തുണയാണ് നിര്‍ണായകമെന്നും ബൈഡന് പറഞ്ഞു.