ന്യൂഡല്‍ഹി։ ഡല്‍ഹി ലഫ്റ്റനനെന്റ് ഗവര്‍ണര്‍ അനില്‍ ഭായ്ജാലിന്റെ ഓഫീസിലെ 13 പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഗവര്‍ണറുടെ ഓഫീസും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ലഫ്റ്റനനെന്റ് ഗവര്‍ണര്‍ അനില്‍ ഭായ്ജാലിന്റെ രാജ് നിവാസ് മാര്‍ഗിലുള്ള ഓഫീസിലെ ജീവനക്കാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഗവര്‍ണറുടെ ഓഫീസില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മറ്റ് എല്ലാ ജീവനക്കാരും നിരീക്ഷണത്തിലേക്ക് മാറിയിരിക്കുകയാണ്. ഒരുു രോഗിയില്‍ വൈറസ് ബാധ കണ്ടെത്തിയതിന് ശേഷം നടത്തിയ വിശദമായ പരിശോധനയിലാണ് ഇത്രയധികം ആളുകള്‍ക്ക് രോഗബാധ കണ്ടെത്തിയത്.

ഡല്‍ഹിയിലും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇതുവരെ കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 19,844 ആണ്. നിലവില്‍, 11,565 പേരാണ് ഇപ്പോഴും ചികിത്സയിലുള്ളത്. 8746 പേര്‍ക്ക് രോഗം ഭേദമാവുകയും 523 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രോഗികളുടെ എണ്ണം ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള അതിര്‍ത്തികള്‍ അടച്ചിടുമെന്ന് ഇന്നലെ ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിരുന്നു. അത് ചെയ്തില്ലെങ്കില്‍ ആശുപത്രികള്‍ നിറയുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചിരുന്നു. ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റുകളും വ്യവസായ കേന്ദ്രങ്ങളും തുറക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

അതിനിടെ ഇന്ന് രാജ്യത്ത് 8,171 പുതിയ കൊവിഡ്-19 രോഗബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്ത് 204 മരണങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ, രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 1,98,706ല്‍ എത്തി.