• അലന്‍ ചെന്നിത്തല

ഡിട്രോയിറ്റ്: പൊലീസിന്റെ ക്രൂരമായ നടപടിമൂലം കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരൻ ജോർജ് ഫ്ലോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ നടക്കുന്ന പ്രധിഷേധങ്ങളിൽ ഡിട്രോയിറ്റ് നഗരം വീണ്ടും വ്യത്യസ്തത നിലനിർത്തുന്നു. മിഷിഗൺ ഗവർണർ വിറ്റ്മരുടെയും ഡിട്രോയിറ്റ് മേയർ മൈക്ക് ഡഗന്റെയും നേത്രത്വത്തിൽ അനേകം ബിഷപ്പ്മാരും ഇമാമുകളും റബിമാരും ആയിരക്കണക്കിന് ജനങ്ങളും പങ്കെടുത്ത സമാധാന റാലി ഡിട്രോയ്റ്റിലെ വുഡ്‌വേഡ്‌ അവന്യുവിൽ നടന്നു. നേതാക്കൾ തെരുവിൽ മുട്ടുകുത്തി ജോർജ് ഫ്ലോയിഡിന് ആദരവ് രേഖപ്പെടുത്തി.

ഡിട്രോയ്റ്റിലെ ജനങ്ങൾ വ്യത്യസ്തതരാണ്, അമേരിക്കൻ ജനതയുടെ മനസ്സിന് സമാധാനവും രക്ഷയും ഡിട്രോയ്റ്റിലെ തെരുവീഥികളിൽ വിശ്വാസ സമൂഹം ഉയർത്തുന്ന പ്രാർത്ഥനയിൽ നിന്ന് ലഭിക്കുമെന്ന് മതനേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കലാപങ്ങളുടെ ചരിത്രമുറങ്ങുന്ന ഡിട്രോയിറ്റ് നഗരം ഇന്ന് ലോകത്തിനു തന്നെ മാതൃകയാകുന്നു. ഓരോ അമേരിക്കൻ പൗരനും നീതിയും തുല്യതയും ലഭിക്കണം എന്നാൽ ഇവിടെ നേതാക്കൾ രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുകയാണ്. നാം ഒരുമിച്ചു നിന്ന് ഒരേ മനസ്സോടെ നീങ്ങേണ്ട കാലഘട്ടമാണിതെന്നും ഗവർണർ വിറ്റ്മർ ആഹ്വാനം ചെയ്തു. ഡിട്രോയ്റ്റിലെ ഗ്രെയ്റ്റർ ഗ്രേസ് ടെംപിളിലെ സീനിയർ പാസ്റ്റർ ബിഷപ്പ് ചാൾസ് എല്ലിസ് ആണ് ഈ റാലി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയത്. അമേരിക്കയിലെ മിക്ക നഗരങ്ങളിലും കലാപങ്ങൾ അരങ്ങേറിയപ്പോൾ ഡിട്രോയ്റ്റിൽ ശാന്തമായി പ്രതിഷേധങ്ങൾ നടന്നു എന്നത് ഈ നഗരത്തെയും ഇവിടുത്തെ ജനങ്ങളെയും വ്യത്യസ്തരാക്കുന്നു.