ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ പറഞ്ഞു. സുനില്‍ ഗവാസ്‌ക്കര്‍, കുംബ്ലെ, വിവിഎസ്. ലക്ഷ്മണ്‍, യുവരാജ് സിംഗ്, ഹര്‍ഭജന്‍സിംഗ് എന്നിവര്‍ ഗാംഗുലിയുടെ രീതികളെ പ്രശംസിച്ച തിന് പുറകേയാണ് ഇംഗ്ലീഷ് താരത്തിന്റെ വിലയിരുത്തല്‍.

കളിക്കളത്തിലെ ആക്രമിക ശൈലിയും വിജയിക്കാനുള്ള ആവേശവും ഇന്ത്യക്ക് സമ്മാനിച്ചത് ഗാംഗുലിയാണ്. 2000 മുതല്‍ 2005 വരെ ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടത്തിയ പ്രകടനങ്ങള്‍ മറക്കാനാകില്ലെന്നും ഹുസൈന്‍ ചൂണ്ടിക്കാട്ടി.

‘ വളരെ തണുപ്പന്‍ രീതികളിലൂടെ കളിച്ച ഇന്ത്യന്‍ ടീമിനെയല്ല ഗാംഗുലിക്ക് കീഴില്‍ താന്‍ കണ്ടത്. അദ്ദേഹം ഒരോ കളിക്കാരനേയും ഭയമില്ലാത്തവനാക്കി മാറ്റിയാണ് ടീമിനെ നയിച്ചത്. ആ സ്വഭാവം മൈതാനത്ത് ശരിക്കും കാണാന്‍ സാധിക്കുമായിരുന്നു’ നാസര്‍ ഹുസൈന്‍ പറഞ്ഞു.

2002ലെ നാറ്റ്‌വെസ്റ്റ് ട്രോഫിയുടെ ഫൈനലില്‍ ഇന്ത്യയുടെ പ്രകടനം നാസര്‍ എടുത്തുപറഞ്ഞു. അന്ന് മുഹമ്മദ് കൈഫിന്റെയും യുവരാജിന്റെയും അര്‍ദ്ധശതകങ്ങള്‍ ഇന്ത്യക്ക് കരുത്തായി. സഹീര്‍ഖാന്‍ വിജയ റണ്‍സ് നേടിയപ്പോള്‍ തന്റെ ഷര്‍ട്ടൂരി ഗാംഗുലി നടത്തിയ വിജയാഹ്ലാദം ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ നടന്ന ചരിത്രമുഹൂര്‍ത്തമായി. അതിന് കാരണം കൃത്യം ഒരു വര്‍ഷം മുമ്ബ് മുംബൈയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഫ്‌ലിന്റോഫ് നടത്തിയആഹ്ലാദപ്രകടനമായിരുന്നുവെന്നും നാസര്‍ ഹുസൈന്‍ ഓര്‍മ്മിപ്പിച്ചു.