അഹമ്മദാബാദ്: ഗുജറാത്ത് ക്യാന്‍സര്‍ ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോക്ടര്‍മാര്‍ക്കും പാരമെഡിക്കല്‍ സ്റ്റാഫിനും ഉള്‍പ്പെടെ 32 ഓളം പേര്‍ക്ക് കൊവിഡ്സ്ഥിരീകരിച്ചു. കൊവിഡ് ഭീഷണിക്കിടയിലും ജി.സി.ആര്.ഐയില്‍ മതിയായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തത് ഡോക്ടര്‍മാരെയും ജീവനക്കാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബുധനാഴ്ച്ച മാത്രം ഇവിടുത്തെ മൂന്ന് ഡോക്ടര്‍മാര്‍ക്കും ഒരു ക്ലറിക്കല്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. നിലവില്‍ ജി.സി.ആര്.ഐയിലെ 50 ജീവനക്കാര്‍ ക്വാറന്റെെനിലാണ്.
കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന ആശുപത്രിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒന്നുമില്ലാതെ ജോലി ചെയ്യുന്നത് തങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്ന് ഇവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. ക്യാന്‍സര്‍ രോഗികള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാണെന്നിരിക്കേ കൃത്യമായ സുരക്ഷാ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് ജീവനക്കാരും രോഗികളും ആവശ്യപ്പെടുന്നത്. ആശുപത്രി അടച്ചു പൂട്ടുന്നത് കീമോ തെറാപ്പി ആവശ്യമുള്ള രോഗികളെ ബാധിക്കുമെന്നതിനാല്‍ പ്രവര്‍ത്തനം ചാമുണ്ട ബ്രിഡ്ജിനു സമീപമുള്ള ഗുജറാത്ത് ക്യാന്‍സര്‍ സൊസൈറ്റിയിലേക്ക് മാറ്റണം എന്നാണ് ജീവനക്കാരുടെ മറ്റൊരു ആവശ്യം.