പനാജി: ഗോവയില്‍ തിരിച്ചെത്തിയ 154 കപ്പല്‍ ജീവനക്കാ​െര ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചതായി മുഖ്യമന്ത്രി പ്രമോദ്​ സാവന്ത്​. വിവിധ കപ്പലുകളില്‍ ജോലി ചെയ്ത ശേഷം സംസ്ഥാനത്തെത്തിയ ഗോവക്കാരുടെ രണ്ടാമത്തെ ബാച്ചാണിത്. ക്രൂയിസ് കപ്പലില്‍ ജോലി ചെയ്​തിരുന്ന നൂറോളം ജീവനക്കാര്‍ കഴിഞ്ഞ മാസം സംസ്ഥാനത്തേക്ക് മടങ്ങിയിരുന്നു.

മുംബൈ തുറമുഖത്ത് നങ്കൂരമിട്ട കപ്പലുകളില്‍ നിന്ന്​ 154 ഗോവ സ്വദേശികളെ റോഡ്​ മാര്‍ഗം സംസ്ഥാനത്തെത്തിച്ചു. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഗോവക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ കേന്ദ്ര വകുപ്പുകളുമായി ഏകോപിപ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു.

കപ്പല്‍ ജീവനക്കാരെ സര്‍ക്കാര്‍ സജീകരിച്ച നിരീക്ഷണ കേന്ദ്രങ്ങളിലാണ്​ താമസിപ്പിക്കുന്നത്​. രോഗബാധിതരല്ലാത്തവരെ 14 ദിവസം ക്വാറന്‍റീനില്‍ താമസിപ്പിക്കുമെന്നും സാവന്ത്​ അറിയിച്ചു.

ഒരു മാസത്തിലേറെയായി കോവിഡ്​ മുക്തമായ ഗോവയില്‍ കഴിഞ്ഞ ദിവസം എട്ട് പുതിയ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. അതില്‍ ഒരാള്‍ കപ്പല്‍ ജീവനക്കരനാണ്​. മുംബൈയില്‍ 14 ദിവസത്തെ ക്വാറന്‍റീന്‍ പൂര്‍ത്തിയായക്കിയ കപ്പല്‍ ജീവനക്കാരന്​ വ്യാഴാഴ്ച ഗോവയിലെത്തിയ ശേഷം കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു.