വയനാട്: ഗ്രീന്‍സോണായിരുന്ന വയനാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ചെന്നൈയില്‍ വന്‍തോതില്‍ രോഗവ്യാപനമുണ്ടായ കോയമ്ബേട് മാര്‍ക്കറ്റില്‍പോയി വന്നവരും, അതില്‍ ഒരാളുമായി സമ്ബര്ക്കത്തിലായവരുമടക്കം എട്ടുപേര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ രോഗം സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് വയനാട്ടിലാണ്.
ഏപ്രില്‍മാസം കോയമ്ബേട് മാര്‍ക്കറ്റില്‍ ചരക്കെടുക്കാന്‍ പോയ മാനന്തവാടി സ്വദേശിയായ ലോറി ഡ്രൈവറില്‍നിന്ന് ഇതുവരെ ആറ് പേരിലേക്കാണ് രോഗം പടര്‍ന്നത്. ഇവരുമായി സമ്ബര്ക്കത്തിലേര്പ്പെട്ടവരടക്കം 1855 പേര് ജില്ലയില്‍ നിരീക്ഷണത്തിലാണ്. കോയമ്ബേട് മാര്‍ക്കറ്റില്‍ പോയിവന്ന ആറ് ലോറി ഡ്രൈവര്‍മാരുടെതടക്കം കൂടുതല്‍ പേരുടെ സാമ്ബിള്‍ പ്രത്യേകം ശേഖരിച്ച് പരിശോധനയ്ക്കയച്ചു. ഇതുവരെ ഫലം ലഭിച്ചവരില്‍ രോഗികളാരുമില്ല. എന്നാല്‍, മുന്‍കരുതലെന്നോണം ജില്ലയില്‍നിന്ന് സംസ്ഥാനത്തിന് പുറത്ത് ചരക്കെടുക്കാന്‍ പോകുന്ന ലോറി ഡ്രൈവര്‍മാരെ നിലവില്‍ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല.
ഇവര്‍ക്കായി പ്രത്യേക താമസ സൗകര്യം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരില്‍ ഒരാളുടെതൊഴികെ മറ്റെല്ലാവരുടെയും റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്. ജില്ലയില്‍ തിരുനെല്ലി , എടവക, മാനന്തവാടി പഞ്ചായത്തുകളുടെ എല്ലാ വാര്‍ഡുകളും, അമ്ബലവയല്‍, മീനങ്ങാടി , വെള്ളമുണ്ട, നെന്മേനി പഞ്ചായത്തിലെ ചില വാര്‍ഡുകളും നിലവില്‍ ഹോട്സ്പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.