ന്യൂഡല്‍ഹി: രണ്ടാം ഘട്ട ലോക്ക്‌ഡൗണ്‍ അവസാനിക്കാന്‍ ഇനി 2 ദിവസം മാത്രമുള്ളപ്പോള്‍ പുതിയ മാര്‍ഗ നിര്‍ദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചകള്‍ തുടരുന്നു. കോവിഡ് ഭീഷണിയില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുന്ന ഗ്രീന്‍ സോണുകളില്‍ പൊതുഗതാഗതം അനുവദിക്കുന്നത് ഉള്‍പ്പെടെ പരിഗണിക്കുമെന്നാണ് സൂചനകള്‍.
വിമാനം, റെയില്‍വേ എന്നിവയുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാന്‍ സാധ്യതയില്ല. മെയ് 3ന് ശേഷം രാജ്യം സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെ കുറിച്ച് വ്യാഴാഴ്‌ച ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്‌തു. പ്രശ്‌ന ബാധിതമല്ലാത്ത ജില്ലകളിലും, ഗ്രാമീണ മേഖലകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിമാന സര്‍വീസുകള്‍ മെയ് പകുതിക്ക് ശേഷം ഭാഗീകമായി ആരംഭിക്കുമെന്ന് സൂചനയുണ്ട്. 25-30 ശതമാനം വിമാന സര്‍വീസുകളായിരിക്കും തുടക്കത്തിലുണ്ടാവുക. ഒരു സംസ്ഥാനത്ത് ഒന്നോ, രണ്ടോ വിമാനത്താവളങ്ങളായിരിക്കും ആദ്യം തുറക്കുക. വിമാന സര്‍വീസ് ആരംഭിക്കുന്നതിന്റെ പത്ത് ദിവസം മുന്‍പായിരിക്കും ടിക്കറ്റ് ബുക്കിങ് തുടങ്ങുക.
കോവിഡ് സ്ഥിതിഗതികള്‍ എല്ലാ സംസ്ഥാനത്തും മെച്ചപ്പെട്ടാല്‍ മാത്രമായിരിക്കും തിവണ്ടി സര്‍വീസ് ആരംഭിക്കുക. അതിഥി തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കാനും ട്രെയിന്‍ സംവിധാനം ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രാദേശിക സാഹചര്യം വിലയിരുത്തി ഒരു ഇടത്തിലും ഇളവുകള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കും. രാജ്യത്തെ 15 ശതമാനം ഗ്രാമങ്ങളില്‍ മാത്രമാണ് കോവിഡ് ഭീഷണി നിലനില്‍ക്കുന്നത്. ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നതിന് ഇത് ഇടയാക്കും.