ന്യൂഡല്‍ഹി: ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച്‌ സൗദിയിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികള്‍. കേരളസര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ച്‌ ശനിയാഴ്‌ച മുതല്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി സൗദി അറേബ്യയും ഒമാനും അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് യുഎഇ വ്യക്തമാക്കി. കോവിഡ് നെഗറ്റീവ് ആയവര്‍ക്ക് മാത്രമായിരിക്കും ചാര്‍ട്ടേഡ് വിമാനത്തില്‍ കേരളത്തിലേക്ക് പോകാന്‍ സാധിക്കുകയെന്ന് സൗദിയിലെയും ഒമാനിലെയും ഇന്ത്യന്‍ എംബസികള്‍ അറിയിച്ചു.

ശനിയാഴ്‌ച മുതല്‍ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ പ്രവാസികള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, പ്രതിഷേധം വകവയ്‌ക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗവ്യാപനം പിടിച്ചുനിര്‍ത്താന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുണ്ടെങ്കിലും രോഗനിരക്ക് പിടിച്ചുനിര്‍ത്താന്‍ ഏക ഉപാധിയാണിതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു.

അതേസമയം, ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് വിവേചനപരമാണന്ന് ചൂണ്ടിക്കാട്ടി ഓവര്‍സീസ് ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്‍ വൈസ് പ്രസിഡന്റ് പത്തനംതിട്ട അയിരൂര്‍ സ്വദേശി റെജി താഴമണ്‍ ആണ് പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഇന്നു ഹെെക്കോടതി പരിഗണിക്കും.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ രോഗവ്യാപനത്തിന് കൂടുതല്‍ സാധ്യതയുണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഈ നിബന്ധന ഇല്ലെന്നും രോഗവ്യാപന സാധ്യത രണ്ടു വിമാനങ്ങളിലും ഒരു പോലെയാണന്നും സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.