ദോഹ: കോവിഡ്-19 രോഗികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ നല്കുന്നതിെന്റ ഭാഗമായി അടുത്ത രണ്ടാഴ്ചക്കകം 3500 കിടക്കകള്‍ കൂടി തയ്യാറാക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്പറേഷന് അറിയിച്ചു.
അടുത്ത രണ്ടാഴ്ചക്കകം ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുമെന്ന് എച്ച്.എം.സി ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ആക്സിഡന്റ് കണ്‍േട്രാള്‍ ചെയര്മാന് ഡോ. സഅദ് അല്‍ കഅ്ബി പറഞ്ഞു.
നിലവില്‍ ആശുപത്രികളില്‍ കിടക്കകളുടെ ക്ഷാമം ഇല്ലെന്നും ഡോ. കഅ്ബി പറഞ്ഞു. കോവിഡ്-19 രോഗികളുടെ ചികിത്സ സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ല. നിലവില്‍ കിടക്കകളുടെ ക്ഷാമം ഇല്ല. ഏഴ് ആശുപത്രികളാണ് കോവിഡ്-19 രോഗികള്‍ക്കായി സജ്ജമാക്കിയിരിക്കുന്നതെന്നും ഡോ. അല്‍ കഅ്ബി കൂട്ടിച്ചേര്‍ത്തു.
കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍, ഹസം മിബൈരീക് ജനറല്‍ ആശുപത്രി, ക്യൂബന്‍ ആശുപത്രി, റാസ് ലഫാന്‍ ആശുപത്രി, മിസൈദ് ആശുപത്രി, ലിബ്സീര്‍ ആശുപത്രി, ഇന്‍ഡസ്ട്രിയല്‍ ഏരിയ ഫീല്‍ഡ് ആശുപത്രി എന്നിവയാണ് കോവിഡ്-19 രോഗികള്‍ക്കായി പ്രത്യേകം സജ്ജമാക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങള്‍. ഗുരുതരാവസ്ഥയിലുള്ളവര്‍ക്കും തീവ്ര പരിചരണമാവശ്യമുള്ളവര്ക്കുമുള്ള ചികിത്സാ സൗകര്യങ്ങള്‍ ഘട്ടം ഘട്ടമായി വര്‍ധിപ്പിച്ചിട്ടുണ്ട്. പുതിയ ആശുപത്രി തുറക്കുന്നതോടൊപ്പം നിലവിലെ ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കുന്നുണ്ടെന്നും ഡോ. അല്‍ കഅ്ബി വിശദീകരിച്ചു.
കോവിഡ്-19 വ്യാപനം തടയുന്നതിനും വൈറസിനെ പ്രതിരോധിക്കുന്നതിനും സമൂഹത്തിലെ എല്ലാ അംഗങ്ങളും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിത്. തീവ്ര പരിചരണ വിഭാഗത്തിലും സാധാരണ വാര്‍ഡുകളിലും രോഗികള്‍ക്കായി കിടക്കകളുടെ എണ്ണത്തില്‍ കുറവില്ല. അധിക കിടക്കകള്‍ വര്‍ധിപ്പിക്കുന്നതോടെ ഗുരുതരമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി വര്‍ധിക്കുമെന്നും ഡോ. അല്‍ കഅ്ബി വ്യക്തമാക്കി.
കോവിഡ്-19നെതിരായ രാജ്യത്തിെന്റ പോരാട്ടത്തിലെ നിര്‍ണായക ചുവടുവെപ്പാണ് റാസ് ലഫാന്‍ ആശുപത്രി. കഴിഞ്ഞ മാസമാണ് ആശുപത്രിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടതെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഖാലിദ് അല്‍ ജല്‍ഹാം പറഞ്ഞു.
തീവ്ര പരിചരണം ആവശ്യമുള്ളവര്‍ക്ക് മതിയായ സൗകര്യങ്ങളും സംവിധാനങ്ങളും പരിചയ സമ്ബന്നരായ മെഡിക്കല്‍ ജീവനക്കാരും സജ്ജമാണെന്ന് എച്ച്.എം.സി ഐ.സി.യു ആക്ടിംഗ് ചെയര്മാന് ഡോ. അഹ്മദ് അല്‍ മുഹമ്മദ് പറഞ്ഞു.