- ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ പ്രളയക്കെടുതിയില്‍ വീടില്ലാതെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി 5 വര്‍ഷം കൊണ്ട് 25 ഭവനം എന്ന പദ്ധതിക്ക് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് രൂപം കൊടുക്കുകയും അതിന്റെ ഭാഗമായി പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക ഡോ: എം.എസ്. സുനില്‍ ടീച്ചര്‍ ചിക്കാഗോ സോഷ്യല്‍ ക്ലബ്ബ് സന്ദര്‍ശിക്കുകയും ടീച്ചറെ സോഷ്യല്‍ ക്ലബ്ബിന്റെ ഈ മഹാപദ്ധതി ഏല്‍പ്പിക്കുകയും ടീച്ചര്‍ സന്തോഷപൂര്‍വ്വം അതു സ്വീകരിക്കുകയും ചെയ്തു.
കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ വീടുള്‍പ്പെടെ സര്‍വ്വവും നഷ്ടപ്പെട്ട റാന്നി തോട്ടമണ്‍ ആലുംമൂട്ടില്‍ ലീലാമണിയമ്മക്കും കുടുംബത്തിനും തല ചായ്ക്കാന്‍ അത്താണിയായിരിക്കുകയാണ് ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ ഈ ഭവനനിര്‍മ്മാണ പദ്ധതി. വീടിന്റെ താക്കോല്‍ദാനം രാജു എബ്രാഹം എം.എല്‍.എ. നിര്‍വ്വഹിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഉണ്ടായിരുന്ന പഴയവീട് നഷ്ടപ്പെടുകയും കയറിക്കിടക്കാന്‍ ഇടമില്ലാതെ കഴിഞ്ഞിരുന്ന ലീലാമണിയമ്മയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥ രാജു എബ്രാഹം എം.എല്‍.എ. ആണ് സുനില്‍ ടീച്ചറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. അതിന്‍പ്രകാരം ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ സഹായത്താല്‍ 2 മുറികളും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ ഒരു വീട് നിര്‍മ്മിച്ച് നല്‍കുകയായിരുന്നു.
സോഷ്യല്‍ ക്ലബ്ബിന്റെ നാലാമത്തെ ഭവനനിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നു എന്ന് സോഷ്യല്‍ ക്ലബ്ബിന്റെ പ്രസിഡന്റ് പീറ്റര്‍ കുളങ്ങര പറഞ്ഞു. കോവിഡ് 19 എന്ന മഹാമാരിയുടെ ഈ കാലഘട്ടത്തില്‍ ലോകജനത മുഴുവന്‍ വീട്ടില്‍ സുരക്ഷിതരായിരിക്കുന്ന ഈ അവസരത്തില്‍ ഇതുപോലുള്ള നല്ല പ്രവര്‍ത്തനങ്ങളുമായി സോഷ്യല്‍ ക്ലബ്ബിന് മുന്നോട്ടു പോകാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് സോഷ്യല്‍ ക്ലബ്ബ് എക്സിക്യൂട്ടീവ് ഐകകണ്ഠേന പറഞ്ഞു.
മാത്യു തട്ടാമറ്റം അറിയിച്ചതാണിത്.