ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചു പോയവര്‍ക്ക് മാത്രമേ കേരളത്തില്‍ അങ്ങനെ പറയാന്‍ കഴിയൂ’ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് വരുന്ന ചില വിമര്‍ശനങ്ങള്‍ അതിരുവിടുന്നു. പ്രസ്താവന ഇറക്കിയവര്‍ ആരോഗ്യ വിദഗ്ധര്‍ ചമഞ്ഞ് തെറ്റിധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓണലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ ജനങ്ങള്‍ക്കടയില്‍ ജാഗ്രതക്കുറവുണ്ടായതായും രോഗികളുടെ എണ്ണം കൂടുമ്പോള്‍ മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തില്‍ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും സംസ്ഥാനം ശ്രദ്ധിക്കപ്പെട്ടു.
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്ക് ഈ കാര്യത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ സജ്ജമാകുന്നതോടെ സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിരോധത്തിന് അത് ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.