ലണ്ടന്‍: കൊറോണ വൈറസിന്റെ പേരില്‍ ബ്രിട്ടണും ചൈനക്കെതിരെ ശക്തമായ നടപടികളുമായി രംഗത്ത്. ആരോഗ്യരംഗവുമായി ബന്ധപ്പെട്ട ചൈനയുടെ എല്ലാ ഉത്പ്പന്നങ്ങളുടേയും ഇറക്കുമതി ബ്രിട്ടണ്‍ നിര്‍ത്തലാക്കി. പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയത്. പ്രൊജക്‌ട് ഡിഫന്റ് എന്ന പദ്ധതി പ്രകാരമാണ് ബ്രിട്ടണ് ഹാനികരമായ എല്ലാം തടയാനും നിയന്ത്രിക്കാനും തീരുമാനിച്ചിരിക്കുന്നതെന്ന് ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

‘ തങ്ങളുടെ ദേശീയ സുരക്ഷ ഏറ്റവുമധികം പരിരക്ഷിക്കേണ്ട സമയമാണിത്. മാത്രമല്ല നിലവിലെ സാമ്ബത്തിക നില ആര്‍ക്കുമായി പങ്കുവയ്ക്കാനുമാകില്ല.വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബ് അറിയിച്ചു. ചൈനയില്‍നിന്നുള്ള എല്ലാ ആരോഗ്യ വൈദ്യശാസ്ത്ര ഉത്പ്പന്നങ്ങളുടേയും സാങ്കേതിക ഉപകരണങ്ങളുടേയും ഇറക്കുമതിയാണ് തടഞ്ഞത്. നിലവിലെ സാമ്ബത്തിക പ്രതിസന്ധികള്‍ക്കിടയില്‍ രണ്ടു പദ്ധതികളാണ് ബ്രിട്ടണ്‍ നടപ്പാക്കുന്നത്.

അത്യാവശ്യ ഭക്ഷ്യവിഭവങ്ങളല്ലാത്ത ഒന്നും ഒരു രാജ്യത്തുനിന്നും ഇറക്കുമതി ചെയ്യേണ്ടതില്ല എന്നതാണ് ആദ്യതീരുമാനം. സാങ്കേതിക വസ്തുക്കളുടെ ഇറക്കുമതിയിലും നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് രണ്ടാമത്തെ തീരുമാനമെന്നും ഡോമിനിക് റാബ് വ്യക്തമാക്കി.