ന്യൂഡല്‍ഹി∙ യുഎസിൽനിന്ന് രാജ്യാന്തര നാണയനിധിയുടെ (ഐഎംഎഫ്) ആസ്ഥാനം ബെയ്ജിങ്ങിലേക്കു മാറ്റുമോയെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. കോവിഡ്–19 മഹാമാരിയെത്തുടർന്ന് രാജ്യാന്തര തലത്തിൽ നിലവിലെ വളർച്ചാനിരക്കിൽ ചൈന മുമ്പോട്ട് കുതിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശശി തരൂരിന്റെ ട്വീറ്റ്.
ഐഎംഎഫിന്റെ നിയമാവലി പ്രകാരം ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയിലാണ് അതിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുകയെന്നും തരൂർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 75 വർഷമായി വാഷിങ്ടനിലാണ് ഐഎംഎഫിന്റെ ആസ്ഥാനം. എന്നാൽ കോവിഡിനു ശേഷമുള്ള കാലത്ത് ചൈനീസ്, യുഎസ്. സമ്പദ്വ്യവസ്ഥകളുടെ വളർച്ച വിലയിരുത്തുമ്പോൾ ഐഎംഎഫിന്റെ ആസ്ഥാനം മാറ്റേണ്ടി വരുമോയെന്നും അദ്ദേഹം ചോദിക്കുന്നു.
>ഈ വർഷം യുഎസ് സമ്പദ്വ്യവസ്ഥ 4.3% ചുരുങ്ങുമെന്നും ചൈന മാത്രമായിരിക്കും വളർച്ച രേഖപ്പെടുത്തുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്നുമാണ് ഐഎംഎഫ് പറയുന്നത്. 2020ൽ ചൈന 1.9% വളർച്ച രേഖപ്പെടുത്തുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. അടുത്ത വർഷം 8.4% ആയിരിക്കും ചൈനയുടെ വളർച്ച. ഇതേ കാലയളവിൽ യുഎസിന്റെ വളർച്ച 3.1% മാത്രമായിരിക്കും – മറ്റൊരു ട്വീറ്റിൽ അദ്ദേഹം കൂട്ടിച്ചേർക്കുന്നു.