ടെല്‍ അവീവ്: ഇസ്രയേലിലെ ചൈനീസ് അംബാസിഡറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചൈനീസ് അംബാസഡര്‍ ഡു വേയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു പോലീസും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയവും നല്‍കുന്ന വിവരം. എന്നാല്‍ മരണകാരണം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് ഇസ്രയേല്‍ പോലീസിനെ ഉദ്ധരിച്ച്‌ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുശോചനം അറിയിക്കുന്നതിനായി ഇസ്രയേലിലെ ഡെപ്യൂട്ടി ചൈനീസ് അംബാസിഡറുമായി സംസാരിച്ചതായി ഇസ്രയേല്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറല്‍ യുവാല്‍ റോട്ടെം പ്രതികരിച്ചു.

ചൈനീസ് എന്ത് ആവശ്യമുണ്ടെങ്കിലും നിര്‍വ്വഹിക്കാമെന്ന് അദ്ദേഹം അറിയിച്ചതായും ഇസ്രയേലി ദിനപത്രം ഹാര്‍ട്ടെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹെര്‍സലിയിലെ ഇസ്രയേല്‍ അംബാസിഡറുടെ വസതിയില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് പോലീസ് വക്താവ് അറിയിച്ചത്. ഇദ്ദേഹത്തിന്റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം മൂലമാണ് ഇദ്ദേഹം മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.

ഉക്രൈനിലെ ചൈനീസ് അംബാസഡറായി സേവനമനുഷ്ടിച്ചിരുന്ന ഡു ഫെബ്രുവരിയിലാണ് ഇസ്രയേലിലെത്തുന്നതെന്നാണ് എംബസി വെബ്സൈറ്റ് നല്‍കുന്ന വിവരം. ഭാര്യയും മകനുമടങ്ങുന്നതാണ് ഡുവിന്റെ കുടുംബമെങ്കിലും ഇവര്‍ രണ്ടു പേരും ഇസ്രയേലിലില്ല. ഇസ്രയേലിലെ ചൈനീസ് നിക്ഷേപങ്ങളെയും വിമര്‍ഷിച്ച്‌ രംഗത്തെത്തിയ മൈക്ക് പോംപിയോയുടെ പ്രസ്താവനയെ വിമര്‍ശിച്ച്‌ ഡൂ രംഗത്തെത്തിയത് രണ്ട് ദിവസം മുമ്ബാണ്.

കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പോംപിയോയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ചാണ് ഇസ്രയേലിലെ ചൈനീസ് എംബസി രംഗത്തെത്തിയത്. കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു മൈക്കിന്റെ ആരോപണങ്ങള്‍.