ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം തള്ളി കേന്ദ്ര സര്‍ക്കാര്‍. തര്‍ക്കം സമാധാനപൂര്‍വം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു എന്നാണു റിപ്പോര്‍ട്ട്.
ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും ഇരുരാജ്യങ്ങളെയും താന്‍ സന്നദ്ധത അറിയിച്ചെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതിര്‍ത്തിവിഷയം കത്തിക്കാളുന്ന നിലയിലാണെന്നും ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു. പതിനായിരത്തിലേറെ ഭടന്മാര് ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു സമീപത്തും അതിനു വടക്ക് കാരക്കോറം മലനിരയുടെ താഴെ ഗല്‍വാന്‍ താഴ്വരയിലും മുഖാമുഖം നില്‍ക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. 2017-ലെ ഡോക ലാ സംഘര്‍ഷത്തിനുശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ അണിനിരക്കുന്ന വലിയ സംഘര്‍ഷമാണ് ലഡാക്കിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി നിരന്തരം വിലയിരുത്തിവരുന്നു.
കാരക്കോറം ചുരത്തിനു സമീപമുള്ള ദൗളത് ബെഗ് ഓള്‍ഡി (ഡിബിഒ) യിലേക്ക് യഥാര്‍ഥ കൈവശരേഖയ്ക്കു സമീപത്തുകൂടി ഇന്ത്യ റോഡ് പണിയുന്നുണ്ട്. ഡിബിഒയെ പാങ്ങോംഗ് തടാകം കഴിഞ്ഞ് തെക്ക് ഡെംചോക്കുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇതില്‍ ഡിബിഒയ്ക്ക് അടുത്ത് ഒരു പാലവും നിര്‍മിക്കുന്നു. പാങ്ങോംഗ് തടാകത്തിന്റെ ഗണ്യമായ ഭാഗം നിയന്ത്രിക്കുന്ന ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഈ റോഡ് ഇന്ത്യയെ സഹായിക്കും.
ഡിബിഒയിലെ വ്യോമതാവളം സംരക്ഷിക്കാനും കാരക്കോറം ഹൈവേയെ നിരീക്ഷിക്കാനും സൈനികനീക്കം വേഗത്തിലാക്കാനും റോഡ് ആവശ്യമാണ്. റോഡ് നിര്‍മാണം ഗല്‍വാന്‍ താഴ്വരയിലടക്കം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തടസമാണെന്നു ചൈന കരുതുന്നു.
നിര്‍മാണം നിര്‍ത്താനോ അതിര്‍ത്തിയിലെ സ്ഥാനങ്ങളില്‍നിന്നു പിന്മാറാനോ തയാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതുവരെയും യഥാര്‍ഥ കൈവശരേഖ കടന്നിട്ടില്ലെന്ന് ഇന്ത്യ ഈയാഴ്ചകളില്‍ പലവട്ടം പ്രസ്താവിച്ചിരുന്നു. ചൈന കൈവശരേഖ മാനിക്കാതെ ഇപ്പുറം കടന്നിട്ടുണ്ടെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. തടാകതീരത്ത് ഇന്ത്യയുടെ കൈയിലുള്ള സ്ഥാനങ്ങള്‍ (ഫിംഗര്‍ പോയിന്റ് എന്നാണിത് അറിയപ്പെടുന്നത്) വിട്ടുകൊടുക്കില്ലെന്നും ഇന്ത്യ ആവര്‍ത്തിച്ചു.