ചോറ് അടിയിൽ പിടിച്ച് കരിഞ്ഞു പോയാൽ ഇതിൻറെ രുചിയും ഗന്ധവുമെല്ലാം വളരെ അസ്വസ്ഥതയുണ്ടാക്കും. എന്നാൽ ഈ ചോറ് വീണ്ടും ഉപയോഗിക്കാനുള്ള വഴികൾ പറഞ്ഞു തരികയാണ് മാഡ് ഷെഫ് എന്നറിയപ്പെടുന്ന ഷെഫ് കൗശിക് എസ്. ഇൻസ്റ്റഗ്രാമിലാണ് ഇദ്ദേഹം ഇത് പങ്കുവെച്ചത്.

ആദ്യം തന്നെ കരിഞ്ഞു പോയ ചോറ് മെല്ലെ എടുത്തു മാറ്റുക. ബാക്കിയുള്ള ചോറിനു മുകളിൽ ഒരു കഷ്ണം ബ്രെഡ് വയ്ക്കുക. ഇത് കരിഞ്ഞ മണത്തെ ആഗിരണം ചെയ്യും. അഞ്ചു മിനിറ്റിന് ശേഷം ബ്രെഡ് എടുത്ത് മാറ്റാം. വലിയ ഉള്ളി നടുവേ മുറിച്ച് അത് ഈ ചോറിനു മുകളിൽ വയ്ക്കുക എന്നതാണ് രണ്ടാമത്തെ വഴി. ഇതും കരിഞ്ഞ ഗന്ധം ഇല്ലാതാക്കും.

വളരെ രുചികരമായ ഒരു വിഭവമാക്കി ഈ ചോറിനെ മാറ്റാനുള്ള വഴിയാണ് മൂന്നാമത്തേത്. പേർഷ്യക്കാർ ഇതിനെ ‘തഹ്ദിഗ്’ എന്ന് വിളിക്കുന്നു. തമിഴ്‌നാട്ടിൽ ‘അടി ബിരിയാണി’ എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ വിഭവം ഉണ്ടാക്കാൻ എളുപ്പമാണ്.

ഒരു പാൻ അടുപ്പത്ത് വച്ച് അതിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് രുചിക്കായി കുറച്ച് ഏലക്കയും കറുവപ്പട്ടയും ഇടുക.

ഇതിലേക്ക് കരിഞ്ഞ ചോറ് ഇട്ട ശേഷം നന്നായി മിക്‌സ് ചെയ്യുക. വളരെ രുചികരമായ അടി ബിരിയാണി തയാർ.