അമേരിക്കൻ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമായുടെ ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ടി. ഉമ്മന്റെ വിജയം അപ്രതീക്ഷിതമല്ല. വര്‍ഷങ്ങളായി ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ ജനം അത്ര എളുപ്പത്തിലൊന്നും മറക്കുകയില്ല എന്നതിനു വ്യക്തമായ തെളിവ്. ട്രഷററുടെ ജോലി കണക്കും കാശുമായി ബന്ധപ്പെട്ടതാണെങ്കിലും ജനോപകാരപ്രദമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ തോമസ് ടി. ഉമ്മന്‍ ഉണ്ടാകും, എന്നത്തേയും പോലെ.

തോമസ് ടി. ഉമ്മനെ പോലുള്ള നേതാക്കള്‍ നമുക്ക് ഏറെയില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമല്ല, അവശ്യ സമയങ്ങളില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ കൂടി മടിക്കാത്തയാള്‍. സോപ്പിടുന്ന ഭാഷ ഉപയോഗിച്ച് അധിക=തര്‍ ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ അതിനു വഴിപ്പെടാതെ എതിര്‍ത്തു നില്‍ക്കുന്നയാള്‍.

ഇത് നാം നേരിട്ടു കണ്ടിട്ടുള്ളതാണ്. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രവാസി ഇന്ത്യക്കാരെ അത്യധികം വലച്ച പാസ്പോര്‍ട്ട് സറണ്ടര്‍ ആക്ട് എന്ന ഊരാക്കുടുക്കില്‍ നിന്നും രക്ഷിച്ച തോമസ് ടി. ഉമ്മനെ മറക്കാന്‍ ആർക്കും കഴിയില്ല.

നാല്‍പ്പതു വര്‍ഷം മുമ്പു പോലും അമേരിക്കന്‍ പൗരത്വം എടുത്തവര്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കോണ്‍സുലേറ്റില്‍ കൊണ്ടുപോയി സറണ്ടര്‍ ചെയ്യുകയും അതിന് 175 ഡോളര്‍ ഫീസും പിഴകളും നല്‍കണമെന്നും ഇന്ത്യാ ഗവണ്‍മെന്റ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഇതിനെതിരെ പ്രക്ഷോഭത്തിന് കയ്യോടേ ഇറങ്ങിയത് തോമസ് ടി. ഉമ്മനാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ അതിനു മുമ്പ് ഒരു പ്രതിക്ഷേധ റാലി ഉണ്ടായിട്ടില്ല.

സ്വന്തം സഹോദരന്‍ മരിച്ചിട്ടും തോമസ് ടി. ഉമ്മന്‍ പ്രക്ഷോഭത്തിനു വന്നത് പലരും ഓര്‍ക്കുന്നുണ്ടാവണം. ആ സമരം മൂലം 175 ഡോളര്‍ ഫീസ് എന്നത് 25 ഡോളറാക്കി. (2010 വരെ പൗരത്വമെടുത്തവര്‍ക്ക്). അധികൃതര്‍ക്ക് ഇന്ത്യക്കാര്‍ പതിക്ഷേധിക്കുമെന്ന പേടി വന്നു. ഉത്തരേന്ത്യന്‍ സംഘടനകള്‍ മലയാളി സമൂഹത്തെ ആദരവോടെ അപ്പോഴെങ്കിലും നോക്കി.

പലരും വിളിക്കാനൊരു ഫോണ്‍ നമ്പറും കേള്‍ക്കാനൊരാളും ഉണ്ടെന്നുള്ള സമാധാനത്തിലും ആശ്വാസത്തിലുമാണ്.എന്റെ ഫോണ്‍ നമ്പര്‍ സേവ് ചെയ്തു വച്ചിട്ടുള്ള അമേരിക്കയിലും കാനഡായിലുമുള്ള പല അപരിചിതരോടും കഴിഞ്ഞ കാലങ്ങളില്‍ സംസാരിക്കാനിടയായതു ഈ അവസരത്തില്‍ ഓര്‍ക്കുന്നു. അവരുടെ നല്ല വാക്കുകളാണ് എന്റെ പ്രചോദനം-തോമസ് ടി. ഉമ്മന്‍ പറയുന്നു. വിവിധ ജാതിമതസ്ഥര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ ദീർഘകാലമായി അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ചെറുപ്പകാലത്ത് മലയാള മനോരമ ബാലജനസഖ്യത്തിന്റെ തിരുവല്ലാ യൂണിയന്‍ പ്രസിഡന്റ്, സംസ്ഥാന സമിതിയംഗം, സോഷ്യല്‍ സര്‍വീസ് ലീഗ് സെക്രട്ടറി, കോളജ് യൂണിയന്‍ ഭാരവാഹി, യൂണിവേഴ്‌സിറ്റി യൂണിയൻ കൗണ്‍സിലര്‍, ട്രേഡ് യൂണിയന്‍ ഭാരവാഹി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു.

അമേരിക്കയിൽ വന്ന ശേഷം ലിംകയുടെ സ്ഥാപക പ്രസിഡന്റ്, ഫൊക്കാന റിലീജിയസ്ഹാര്‍മണികമ്മിറ്റി ചെയര്‍മാന്‍, ഫോമാ നാഷണല്‍ കമ്മറ്റിയംഗം, പൊളിറ്റിക്കല്‍ ഫോറം ചെയര്‍മാന്, ഫോമാ നാഷണല്‍ അ‍ഡ്‌വൈസറി കൗണ്‍സില്‍ ചെയര്‍മാന്, ഇടവക ഭാരവാഹി, സണ്‍ഡേ സ്‌കൂള്‍ അധ്യാപകന്‍, സി എസ് ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ സെക്രട്ടറി, ആദ്യകാല പ്രവാസികളുടെ കൂട്ടായ്മയായ പയനിയര്‍ ക്ലബ് സെക്രട്ടറി, തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍. നോര്‍ത്ത് അമേരിക്കയിലെ ഫ്രണ്ട്‌സ്ഓഫ് തിരുവല്ലാ എന്ന സംഘടനയുടെസ്ഥാപകാംഗവും, മുന്‍ പ്രസഡന്റുമാണ്.

എന്റെ പ്രവര്‍ത്തനങ്ങള്‍ക്കു രാവും പകലുമെന്ന വ്യത്യാസമില്ല. സമയക്ലിപ്തതയുമില്ല. പലപ്പോഴും ഉറക്കം വളരെ കുറച്ചു മാത്രം. തോമസ് റ്റി ഉമ്മൻ ഫോമായുടെ ട്രഷറാറായി അമേരിക്കൻ മലയാളി സമൂഹത്തിന്റെ സമുന്നതനേതൃനിരയിലേക്ക് തിഞ്ഞെടുക്കപ്പെട്ടത് പ്രവാസിമലയാളികൾ നൽകിയ അംഗീകാരമാണ്.